Search Athmeeya Geethangal

926. ദൈവദ്വേഷിയായ് തീരുകിലതിന്‍ ഫലം മറക്കാമോ? 
Lyrics : K V Simon, Edayaranmula
ദൈവദ്വേഷിയായ് തീരുകിലതിന്‍ ഫലം
മറക്കാമോ? ശിക്ഷാവിധി കുറയ്ക്കാമോ?
         
          ഭൂവിലുള്ളവരിലിന്നേവന്‍ പരന്നു മുമ്പില്‍ ഭാവമാര്‍ന്നു തം
          പ്രതിവാദമുരയ്ക്കുമന്നാള്‍
 
1   ഭൂതലനാഥനിതാ നിജതാതനൊടാദി തുടര്‍ന്നിതുതെ
     മോദമോടോതിന നാദമതാദരണീയ മതാമിതു കേ-
     ട്ടിരിക്കാം നീവിട്ടിരിക്കാം ഭാവം ധരിക്കാം നീതികരിക്കാം ഗുണം
     മതിക്കുലിതുമതി ചതിക്കിലോ ത്യജിക്കുമവനിതു ധരിക്ക നീ
     തവവിധിയും സമീപമതിലടി പെടുമിതു ശരി-
 
2   സോദമിതേദനു ഭേദമില്ലാതെ കണ്ടായതിലെ കടന്നാര്‍
     സാദമെന്യേ ജഗന്നാഥനെതിര്‍ത്തവന്‍ ദോഷവഴിക്കുയര്‍ന്നാര്‍
     കാര്യം മറന്നാര്‍ ദേശം നിറഞ്ഞാര്‍ വാനം തുറന്നാനീശന്‍ തുടര്‍ന്നാനഗ്നി
     ചൊരിഞ്ഞു ചര ചരയെരിഞ്ഞുമേല്‍ കരിഞ്ഞു കഠിനമായ് കരഞ്ഞവര്‍
     കരിയോ? കരയോ? തിരയോയിദമുര വരും വിധത്തിലൊരു
     കടല്‍ നിരയുയര്‍ന്നിതു-
 
3   മാനുജസുതകളാം മാനിനികളില്‍ ബഹുമാനമിയന്നവരെ
     സേനയിന്‍ പരന്‍ സുതര്‍ സേവിച്ചു നിജഹിതം
     സാധിച്ചുതദവസരേ നാഥന്‍ തെരിഞ്ഞാര്‍ ഭാവം തിരിഞ്ഞാര്‍
     മനം തിരിഞ്ഞാര്‍ ജലം ചൊരിഞ്ഞാന്‍
     കടുത്തു കടുമഴ വിടര്‍ത്തിടാ തടുത്തു തടുത്തവര്‍ പടുത്വവും
     നിലവും ഫലവും ബലവും കുലവും ജലത്തിനടിയതില്‍
     താഴ്ത്തിതു വിരവൊടു-
 
4   ലേവിയിന്‍ സുതര്‍ ദാതാന്‍ കോറഹൊടബിറാ മെ
     ന്നീയിവര്‍ പരന്‍ ഹിതത്തെ ഭാവമോടെതിര്‍ത്തു തന്‍
     പാവനപുരോഹിത സ്ഥാനത്തെ തൃണീകരിച്ചാര്‍
     തന്‍വാ മലര്‍ന്നു ഭൂമി പിളര്‍ന്നു വിഴുങ്ങിയായവര്‍ സംഘമശേഷം
     ഇറങ്ങിനാരവര്‍ ജീവനൊടുള്ളില്‍ കടന്നാര്‍ കിടന്നാര്‍ വിടര്‍ന്നൊരടിയില്‍
     കലരും സ്വത്തുകളൊടുയിര്‍ വെടിവോരായ്-       
 

ദൈവ ദൈവദ്വേഷി-ദൈവത്തെ ഇഷ്ടപ്പെടാത്തവന്‍. തം-അവനോട്‌. പ്രതിവാദം എതിര്‍വാദം. നിജതാതന്‍-തന്റെ പിതാവ്‌. മോദം-സന്തോഷം. നാദം-ശബ്ദം (വചനം). തൃജിക്കുക-ഉപേക്ഷിക്കുക. തവ-നിന്റെ. രതി-ആഗ്രഹം. മതി-ബുദ്ധി. ഗതി-പോക്ക്‌. സാദം-ക്ഷീണം. വാനം-ആകാശം. ഇദം ഉരവരും-ഇപ്രകാരം പേരു വരുന്ന. മാനിനി-സ്ത്രീ. നിജഹിതം-സ്വന്തം ഇഷ്ടം. തദവസരേ-ആ അവസര ത്തില്‍. തെരിഞ്ഞാന്‍-അറിഞ്ഞു. വിരവൊടു-പെട്ടെന്ന്‌. പാവനം-പരിശുദ്ധം. സംഘം-കൂട്ടം. ഉയിര്‍-ജീവന്‍.

ദൈവത്തെ ദേവഷിക്കുന്നവരായിത്തീര്‍ന്നാല്‍ അതിന്റെ ഫലം മറക്കാന്‍ സാധ്യമല്ല. ശിക്ഷാവിധി കുറയ്ക്കാനും പറ്റുകയില്ല. ഭൂമിയിലുള്ള ആര്‍ക്കെങ്കിലും ദൈവത്തോടു പ്രതിവാദം ചെയ്വാന്‍ സാധിക്കുമോ. കര്‍ത്താവ്‌ ലേകാരംഭം മുതലെ പിതാവായ ദൈവത്തോടൊത്ത്‌ പറഞ്ഞ വചനം നാം ആദരിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതാണ്‌. അതു പലപ്പോഴും നീ കേട്ടിരിക്കാം. ചില പ്പോള്‍ വിട്ടിരിക്കാം. ഭാവം ധരിച്ചിട്ടുമുണ്ടായിരിക്കാം. ചില സമയം നീതീകരി ക്കപ്പെടുകയും ചെയ്തിരിക്കാം. എന്നാല്‍ സ്വീകരിച്ചാല്‍ ഗുണമാണ്‌. അതു മതിയാകും രക്ഷയ്ക്ക്‌. ചതിച്ചാലോ അവന്‍ നിന്നെ തൃജിക്കുമെന്നു ധരിക്കുക. നിന്റെ വിധിയും രതിയും മതിയും ഗതിയും ദൈവ മുമ്പാകെ അടിപെട്ടു പോകു മെന്നത്‌ ശരിയാണ്‌.

ഏദനു തുല്യമായിരുന്ന സോദോം നഗരം വളരെ നല്ലതെന്നു കണ്ട്‌ ജനം അതില്‍ പ്രവേശിച്ച്‌ യാതൊരു പ്രയാസവും കൂടാതെ ജീവിച്ചപ്പോള്‍ ദൈവത്തെ മറന്ന്‌ ദോഷം പ്രവര്‍ത്തിച്ചു വഷളന്മാരായിത്തീര്‍ന്നു. ദൈവം അകാശം തുറന്ന്‌ അഗ്നിയും ഗന്ധകവും വര്‍ഷിപ്പിച്ച്‌ അവരെയെല്ലാം ദഹിപ്പിച്ചു. കരിയാണോ, കരയാണോ, തിരയാണോ ഇപ്രകാരം പറയാവുന്ന ഒരു കടല്‍ അവിടെ ഉണ്ടായി.

മനുഷ്യരുടെ സൌന്ദര്യവതികളായ യുവതികളെ കണ്ട്‌ അവരില്‍ ആഗ്രഹം ജനിച്ച ദൈവപുത്രന്മാരുടെ സ്വഭാവം ഗ്രഹിച്ച ദൈവം അവരുടെ മേല്‍ ജലപ്രഭയം അയച്ചു. ഘോരമാരി അവരുടെ സാമര്‍ത്ഥൃത്തെ തടുത്തു കളഞ്ഞു (കടു മഴ വിടര്‍ത്തിടാതെ അടുത്തു തടുത്തവര്‍ പടുത്വവും) അവരുടെ വസ്തുവകകളും സൌന്ദര്യവും ശക്തിയും കുലവും എല്ലാം പ്രളയജലത്തില്‍ ആഴ്ത്തിക്കളഞ്ഞു.

ലേവീപുത്തന്മാരായ കോരഹ്‌, ദാതാന്‍, അബീറാം എന്നിവര്‍ ദൈവഹിതം മാനിക്കാതെ പരിശുദ്ധ പുരോഹിതസ്ഥാനത്തെ എതിര്‍ത്തതുകൊണ്ട്‌ ദൈവം കോപിച്ചു ഭൂമി വായ്‌ പിളര്‍ന്ന്‌ അവരെ വിഴുങ്ങിക്കളഞ്ഞു. അവര്‍ ജീവനോടു ഭൂമിക്കടിയിലേക്കു സകല വസ്തുവകയോടുംകൂടി താഴ്ത്തപ്പെട്ടു.

   

 Download pdf
58233765 Hits    |    Powered by Oleotech Solutions