Search Athmeeya Geethangal

910. അഞ്ചാം രാജിതമുണ്ടാമേ പരം 
Lyrics : K V Simon, Edayaranmula
അഞ്ചാം രാജിതമുണ്ടാമേ പരം-അഞ്ചാം
തുഞ്ചിടാതെ കേള്‍ക്കിലിന്നു നെഞ്ചിലാനന്ദം വളര്‍ത്തും
 
1   ആദാമിന്നുല്‍പ്പത്തിനാളതിലേവം ഓതിനാനീശനീഭൂവിന്‍ പ്രഭാവം
     നീ വാണടക്കുകെന്നാകിലോ പാപം
     ചെയ്താത്മ രാജ്യം വിനഷ്ടമാക്കീടിനാല്‍-
 
2   സിംഹപ്രതാപിയാം ബാബിലോന്‍രാജന്‍ സാമ്രാജ്യമൂര്‍ത്തിതന്‍
     പൊന്‍ശിരസ്സായോന്‍ ബി.സി. യറുനൂറ്റിയാറില്‍ സ്വരാജ്യം
     സ്ഥാപിച്ചു തന്നിച്ഛപോലെ നടത്തിനാന്‍-
 
3   വെള്ളി സാമ്രാജ്യമാം പേര്‍ഷ്യഭല്ലുകം അഞ്ഞൂറ്റിമുപ്പത്തിയെട്ടില്‍ തുടസ്സം
     ബാബേല്‍ തകര്‍ത്തിരുനൂറ്റെട്ടു കൊല്ലം
     വാണിതുവല്ലാത്ത ഹിംസ്രസ്വഭാവിയാം-
 
4   പുള്ളിപ്പുലിക്കൊത്ത ഭംഗിവീര്യങ്ങള്‍ തുള്ളിക്കളിക്കുന്ന ഗ്രീക്കു
     സൈന്യങ്ങള്‍ മാസിഡോണില്‍ നിന്നുദിച്ചേഴു കൊല്ലം
     നിസ്തുല മാഹാത്മ്യമൊത്തത്ര വാണുമേല്‍-
 
5   ശ്രീമാനലക്സാണ്ടര്‍ ഭൂപതിവീരന്‍ സീമാതിരിക്ത പരാക്രമസാരന്‍
     ഭൂവിയോഗം ചെയ്തപോതു നാലായി
     ഭാഗിച്ചു താമ്രമാം തദ്രാജ്യമായവര്‍-
 
6   ബി.സി. ദശത്രയേ റോമയിന്‍ കൈസര്‍ നാശമാക്കി ഗ്രീക്കുരാജിതം റോമര്‍
     സാമ്രാജ്യമൊന്നു സ്ഥാപനം ചെയ്താര്‍
     കാളായസത്തിന്‍റെ കാഠിന്യമുള്ളതായ്-
 
7   മുന്നൂറ്ററുപത്തുനാലു ക്രിസ്താബ്ദേ
     രണ്ടായി പിരിഞ്ഞിതു റോമാസാമ്രാജ്യം
     അപ്പൊഴേ മണ്ണാല്‍ ദുഷിച്ചിരുമ്പാകെ
     കെല്‍പ്പുകെട്ടു ഛിന്നഭിന്നരാജ്യമായി റോപ്പതന്നില്‍-
 
8   ഉന്നതമായ ഗിരിക്കുമേല്‍ നിന്നു വന്നിടും കല്ലു പാദാന്തികേ ചെന്നു
     ചൂര്‍ണ്ണീകരിക്കുമീ രാജ്യങ്ങളന്നു
     വന്നകല്ലു വന്‍മലയ്ക്കു തുല്യമായ് നിറഞ്ഞുവാഴും-
 
9   ലോകരാജാക്കളിന്‍കാലത്തു ദൈവം ഭൂവില്‍ പരത്തുന്ന നിത്യരാജത്വം
     അന്യജാതിക്കായ് വിടപ്പെടാ സത്യം
     ഉന്നതന്‍റെ നന്ദനര്‍ക്കുതന്നെയാണതെന്നുമോര്‍ക്കില്‍-     
 

തുഞ്ചിടാതെ-മയങ്ങാതെ (ഉറങ്ങാതെ). ഏവം-ഇപ്രകാരം. വിനഷ്ടമാക്കി-നഷ്ടപ്പെടുത്തി. മൂര്‍ത്തി-ശരീരം. ഭല്ലുകം-കരടി. ഹിംസ്രസ്വഭാവി-കൊലപാതക സ്വഭാവി. നിസ്തുല്യം-തുല്യമില്ലാത്തത്‌. അത്ര-ഇവിടെ. ഭൂപതി-രാജാവ്‌. സീമാതി രിക്തം-അതിരില്ലാത്തത്‌. ഭൂവിയോഗം ചെയ്തു പോത്‌-മരിച്ച പ്പോള്‍. ത്രദാജ്യം-അവന്റെ രാജ്യം. ദശ്ര്രയം-മുപ്പത്‌. രാജിതം-വാഴ്ച. സംസ്ഥാപനം ചെയ്തു-സ്ഥാപിച്ചു. കാളായസം-കാരിരുമ്പ്‌. ഉന്നതം-ഉയര്‍ന്നത്‌. പാദാന്തികം-കാലിനടുത്ത്‌. ചൂര്‍ണ്ണീകരിക്കുക-പൊടിയാക്കുക. നന്ദനര്‍-മക്കള്‍.

ഇനിയും അഞ്ചാമത്തെ ഭരണകുടം (സാമ്രാജ്യം) ഉണ്ടാകും. ശ്രദ്ധിച്ചു കേട്ടാല്‍ മനസ്സിനു സന്തോഷ്രപ്രദമായിരിക്കും. ആദാമിനെ സൃഷ്ടിച്ചനാളില്‍ ദൈവം ഇപ്രകാരം പറഞ്ഞു; 'ഈ ഭുമിയുടെ പ്രഭാവം നീ വാണടക്കുക.' എന്നാല്‍ ആദം പാപം ചെയ്ത സ്വന്തരാജ്യം നഷ്ടമാക്കി. സിംഹപ്രതാപിയായ ബാബിലോണ്‍ രാജാവും സാമ്രാജ്യ ബിംബത്തിന്റെ പൊന്‍ ശിരസ്സുമായ നെബുഖദ്നേസര്‍ ബി. സി. അറുനൂറ്റിയാറില്‍ സ്വരാജ്യം സ്ഥാപിച്ച്‌ ഇച്ഛപോലെ ഭരിച്ചു. വെള്ളി സാമ്രാജ്യമായ പേര്‍ഷ്യന്‍ കരടി ബി. സി. അഞ്ഞുറ്റിമുപ്പത്തിയെട്ടില്‍ ആരംഭിച്ച്‌ ബാബേല്‍ തകര്‍ത്ത്‌ ഇരുനൂറ്റിയെട്ടു വര്‍ഷം ഹിംസ്ര സ്വഭാവിയായി വാണു. പുള്ളിപ്പുലിക്കു തുല്യമായ ഭംഗിയും വീര്യവും തുള്ളിക്കളിക്കുന്ന ഗ്രീക്കുസൈന്യം മാസിഡോണിയായില്‍ നിന്നു പുറപ്പെട്ട്‌ ഏഴുകൊല്ലം അതുല്യ മാഹാത്മൃത്തോടെ ഇവിടെ ഭരിച്ചു. പരാക്രമശാലിയും മഹാനുമായ അലക്‌സാണ്ടർ ചക്രവര്‍ത്തി മരിച്ചപ്പോള്‍ തന്റെ ആ താമ്ര സാമ്രാജ്യം നാലായി വിഭജിക്കപ്പെട്ടു. ബി. സി. മുപ്പതുകളില്‍ റോമാകൈസര്‍ ഗ്രീക്കു സാമ്രാജ്യം നിർമ്മൂലമാക്കി ഇരുമ്പിന്റെ കാഠിന്യമുള്ള ഒരു രാജ്യം സ്ഥാപിച്ചു. ക്രിസ്ത്വബ്ദം മുന്നൂറ്റിഅറുപത്തിനാലില്‍ റോമാസാമ്രാജ്യം രണ്ടായിപ്പിരിഞ്ഞു. ആ സാമ്രാജ്യം ഇരുമ്പും കളിമണ്ണും കൂടിച്ചേര്‍ന്നതായതിനാല്‍ തുരുമ്പിച്ച്‌ എല്ലാം യൂറോപ്പില്‍ ഛിന്നഭിന്നമായിത്തീര്‍ന്നു. ഉന്നതമായ പര്‍വ്വതത്തില്‍ നിന്നും ഉരുണ്ടു വരുന്ന കല്ല്‌ ബിംബത്തിന്റെ പാദത്തിലടിച്ച്‌ അതിനെ ധൂളിയാക്കുകയും ആ കല്ല്‌ വന്‍മലയ്ക്കു തുല്യമായി വളരുകയും ചെയ്യും. ലോക രാജാക്കന്മാരുടെ കാലത്ത്‌ ദൈവം ഭൂമിയില്‍ നിത്യരാജത്വം സ്ഥാപിക്കുന്നു. ഇനിയും ഭൂമിയില്‍ ദൈവം സ്ഥാപിക്കാന്‍ പോകുന്ന നിതൃരാജത്വം അന്യജാതിക്കാര്‍ക്കു വിട്ടുകൊടുക്കു കയില്ല. അതു ദൈവമക്കള്‍ക്കു മാത്രമായിരിക്കും എക്കാലവും (ദാനി. 2:31-45; 7:1-18).

                

 Download pdf
58233766 Hits    |    Powered by Oleotech Solutions