Search Athmeeya Geethangal

908. എന്മനസ്സുയരുന്നഹോ! നന്മയേ 
Lyrics : K V Simon, Edayaranmula
സങ്കീര്‍ത്തനം 45
         
എന്മനസ്സുയരുന്നഹോ! നന്മയേറും വചനത്താല്‍
ചിന്മയരാജനെക്കുറിച്ചു-പാടിയ കഥ
ചെമ്മയോടറിയിച്ചിടുന്നു
 
1   ലേഖകന്‍റെ വേഗമേറും ലേഖനി താനെന്‍റെ ജിഹ്വ
     ലോകപാലക! നീയെത്രയും നരസുതരി-
     ലാകവേ സുന്ദരനാകുന്നു-
 
2   നിന്നധരങ്ങളില്‍ കൃപമന്നനേ സംക്രമിക്കുന്നു
     ഉന്നതനാം ദേവനതിനാല്‍ നിന്നെയങ്ങഹോ!
     എന്നുമാശീര്‍വ്വദിച്ചിടുന്നു-
 
3   ശൂരനേ! നിന്‍വാളരയ്ക്കു വീര്യമഹിമയോടൊത്തു
     ചാരുതരമായ് ബന്ധിച്ചിട്ടു നീതി സൗമ്യത
     നേരിവയാല്‍ മഹത്ത്വത്തോടു
 
4   വാഹനമേറുക തവ വാമേതരമായ ബാഹു
     ഭീമസംഗതികള്‍ നിനക്കു പറഞ്ഞുതരും
     ആഹവ വിഷയമായഹോ!-
 
5   വൈരികളിന്‍ ഹൃത്തടത്തില്‍ പാരമാം മൂര്‍ച്ചയുള്ള നിന്‍
     ക്രൂരശരങ്ങള്‍ തറച്ചിടും ശത്രുഗണങ്ങള്‍
     വീണടിപെടും നിന്‍സന്നിധൗ-
 
6   നിന്നുടെ സിംഹാസനമോ എന്നുമുള്ളതത്രേ ചെങ്കോല്‍
     മന്നവ, നേരുള്ളതാണഹോ! നീതിയെഴും നീ
     ദുര്‍ന്നയത്തെ സഹിക്കാ ദൃഢം
 
7   തന്നിമിത്തം തവ നാഥന്‍ നിന്നുടെ കൂട്ടുകാരേക്കാള്‍
     നിന്നെയാനന്ദ തൈലംകൊണ്ട് അധികമായി
     നന്ദിയോടു ചെയ്തഭിഷേകം-
 
8   ദന്തീദന്തംകൊണ്ടുള്ളതാം ചന്തമാം രാജധാനിയില്‍
     സ്വാന്തമോദം വരുത്തുന്നല്ലൊ നിനക്കനിശം
     കമ്പിവാദ്യങ്ങളിന്‍ നിസ്വനം-
 
9   നിന്നുടെ കഞ്ചുകമാകെ മന്നനെ മൂറും ലവംഗം
     ചന്ദനമിവയാല്‍ നല്ലൊരു മണം പരത്തി
      മന്ദിരം സുഗന്ധമാക്കുന്നു-
 
10 ആമോദമാനസനാമെന്‍ ശ്രീമഹീപാലകമണേ!
     രാജകുമാരികള്‍ നിന്നുടെ സുമുഖികളാം
     വാമമാര്‍ നടുവിലുണ്ടഹോ!-
 
11 നിന്നുടെ വലത്തോഫീറിന്‍ പൊന്നണിഞ്ഞും കൊണ്ടു രാജ്ഞി
     നിന്നിടുന്നല്ലയോ സാധ്വീ! നീ നോക്കുകെന്‍മൊഴി-
     ക്കിന്നു ചായിക്ക നിന്‍ കാതുകള്‍-
 
12 താതഗൃഹം സ്വജനമിത്യാദികള്‍ സ്മരിക്ക വേണ്ടാ
     പ്രീതനാകും നിന്നഴകിനാല്‍ രാജനപ്പോഴേ
     നീയവനെ നമിച്ചിടുക-
 
13 തീറുവിന്‍ ജനങ്ങളന്നു സാരമാം കാഴ്ചകളോടു
     കൂടവേ വരും സവിധേ നിന്‍മുഖശോഭ
     തേടുമക്കുബേര പൂജിതര്‍-
 
14 അന്ത:പുരത്തിലെ രാജ്ഞി ചന്തമെഴും ശോഭമൂലം
     എന്തു പരിപൂര്‍ണ്ണയാം അവളണിയും വസ്ത്രം
     പൊന്‍കസവുകൊണ്ടു ചെയ്തതാം-
 
15 രാജസന്നിധിയിലവള്‍ തോഴിമാരോടൊന്നു ചേര്‍ന്നു
     രാജകീയ വസ്ത്രമേന്തിയേ കൊണ്ടു
     വരപ്പെട്ടിടുമന്നാ വേളിനാളതില്‍-
 
16 സന്തോഷോല്ലാസങ്ങളോടു ദന്തനിര്‍മ്മിതമാം രാജ-
     മന്ദിരത്തില്‍ കടക്കുമന്നാള്‍ അളവില്ലാത്ത
     ബന്ധുജനയുക്തയാമവള്‍-
 
17 നിന്‍റെ മക്കള്‍ നിന്‍പിതാക്കള്‍ക്കുള്ള പദവിയിലെത്തി
     ആയവര്‍ക്കു പകരം വാഴും സര്‍വ്വഭൂമിയില്‍
     നീയവരെ പ്രഭുക്കളാക്കും-
 
18 എല്ലാത്തലമുറകളും നിന്നുടെ നാമത്തെയോര്‍ക്കും-
     വണ്ണമാക്കും ഞാനതുമൂലം ജാതികള്‍ ധന്യേ
     എന്നുമെന്നും നിന്നെ സ്തുതിക്കും-
 
19 ഉന്നതസ്ഥിതനാം സ്വര്‍ഗ്ഗമന്നവന്നും തന്‍സുതന്നും
     എന്നുമുള്ളാവിക്കും മംഗളം ആദിമുതല്‍ക്ക്
     ഇന്നുമെന്നും ഭവിച്ചിടട്ടെ-
 

ചിന്മയരാജന്‍-ആത്മമയനായ രാജാവ്‌ (ദൈവം), ലേഖകന്‍-എഴുത്തുകാരന്‍, ലേഖനിംതൂലിക, ജിഹ്വംനാക്ക്‌, ചാരുതരം-മനോഹരം, വാമം-ഇടത്തേത്‌, വാമേ തരം-ഇടത്തേതല്ലാത്തത്‌ - വലത്തേത്‌, ബാഹു-കൈ, സ്വാന്തമോദം-മനസ്സന്തോ ഷം, ആഹവം-യുദ്ധം, സന്നിധാ-സന്നിധിയില്‍, ദന്തീദന്തം-ആനയുടെ കൊമ്പ്‌, നിസ്വനം-ശബ്ദം, കഞ്ചുകം-ഉടുപ്പ്‌, മഹീപാലകന്‍-രാജാവ്‌, നന്ദിയോട്‌ സന്തോ ഷത്തോട്‌, ആമോദം-സന്തോഷം, വാമ-സ്ത്രീ, സാധ്വി-പതിര്വത, ബന്ധുജന യുക്ത-ബന്ധുജനങ്ങളോടുകൂടിയവള്‍, വേളിംവിവാഹം, തീറുവിന്‍ജന ങ്ങള്‍-സോര്‍നിവാസികള്‍, പ്രീതന്‍-സന്തുഷ്ടന്‍, കുബേരപൂജിതര്‍-കുബേരന്മാരാല്‍ പൂജിക്കപ്പെടുന്നവര്‍.

നന്മനിറഞ്ഞ വചനത്താല്‍ എന്റെ മനസ്സ്‌ ഉയരുന്നു. ദൈവത്തെക്കുറിച്ചു ഞാന്‍ പാടിയ കഥ ചെമ്മയോടെ അറിയിക്കുന്നു. എഴുത്തുകാരന്റെ വേഗമേറിയ തൂലികയാണ്‌ എന്റെ നാവ്‌. രാജാവേ! അങ്ങ്‌ മനുഷ്യപുത്രരില്‍ ഏറ്റവും സുന്ദരനാണ്‌. അവിടുത്തെ അധരങ്ങളില്‍ കൃപ ഒഴുകുന്നു. ഉന്നതനായ ദൈവം, അതുകൊണ്ട്‌ അങ്ങയെ എന്നും ആശീര്‍വദിക്കുന്നു. ശൂരനേ! അവിടുത്തെ വാള്‍ വീര്യമഹിമയോടൊത്ത്‌ ഭംഗിയായി അരയ്ക്കു കെട്ടുക. നീതി, സൌമ്യത, മഹത്വം, സത്യം ഇവയോടു വാഹനമേറുക. അവിടുത്തെ വലങ്കൈ യുദ്ധവിഷയ കമായ അത്ഭുതകാര്യങ്ങള്‍ പറഞ്ഞുതരും. വൈരികളുടെ നെഞ്ചത്ത്‌ നിന്റെ ഏറ്റം മൂര്‍ച്ചയുള്ള ക്രൂരശരങ്ങള്‍ തറയ്ക്കും. ശ്രതുക്കള്‍ അവിടുത്തെ മുന്‍പില്‍ നിലം പതിക്കും. അവിടുത്തെ സിംഹാസനം ശാശ്വതവും രാജാവേ അവി ടുത്തെ ചെങ്കോല്‍ നേരുള്ളതുമാണ്‌. നീതിമാനായ അങ്ങ്‌ ദൂര്‍ന്നയം സഹിക്കു കയില്ല. അതുകൊണ്ട്‌ ദൈവം നിന്റെ കൂട്ടുകാരില്‍പരമായി നിന്നെ ആനന്ദ ത്തോടെ അഭിഷേകം ചെയ്തു. ആനക്കൊമ്പുകൊണ്ടുള്ള മനോഹരരാജധാനി യില്‍ കമ്പിനാദം നിന്നെ ആനനിപ്പിക്കും. നിന്റെ ഉടുപ്പ്‌ മൂറും, ലവംഗവും, ചന്ദ നവുംകൊണ്ട്‌ സുഗന്ധപരിപൂരിതമായിരിക്കുന്നു. ആനന്ദമാനസനായ എന്റെ മഹാരാജാവേ! അവിടുത്തെ സുന്ദരിമാരുടെ മദ്ധ്യത്തില്‍ രാജകുമാരികള്‍ ഉണ്ട്‌. നിന്റെ വലത്തുഭാഗത്ത്‌ രാജ്ഞി ഓഫീര്‍തങ്കം അണിഞ്ഞു നില്‍ക്കുന്നു. അല്ലയോ സാധ്വി! നീ നോക്കുക, എന്റെ മൊഴികള്‍ക്കു ചെവി ചായിക്കുക. പിതൃഗൃഹം, സ്വജനം ആദിയായവ ഓര്‍ക്കേണ്ട അപ്പോള്‍ രാജാവ്‌ നിന്റെ സന്ദ ര്യത്തില്‍ സന്തുഷ്ടനാകും. നീ അദ്ദേഹത്തെ നമസ്കരിച്ചുകൊള്‍ക. സോര്‍ രാജാക്കന്മാര്‍ വലിയ കാഴ്ചകളോടുകൂടി നിന്റെ അടുത്തു വരും. നിന്റെ മുഖ ശോഭ ആ മഹാധനികര്‍ തേടും. അന്തഃപുരത്തിലെ രാജ്ഞി ശോഭ പരിപൂര്‍ണ്ണ യാകുന്നു. അവളണിയുന്ന വസ്ത്രം പൊന്‍ കസവുകൊണ്ടുണ്ടാക്കിയതാണ്‌. വിവാഹമുഹൂര്‍ത്തത്തില്‍ അവള്‍ രാജകീയ വസ്ത്രം ധരിച്ച്‌ തോഴിമാരോടു കൂടി രാജസന്നിധിയില്‍ ചെല്ലും. സന്തോഷോല്ലാസങ്ങളോടുകൂടി അന്ന്‌ അവള്‍ ദന്ത നിര്‍മ്മിതമായ രാജമന്ദിരത്തില്‍ പ്രവേശിക്കും. വളരെ ബന്ധുജനങ്ങളും കൂടെ ഉണ്ടായിരിക്കും. നിന്റെ മക്കള്‍ പിതാക്കന്മാര്‍ക്കു പകരം വാഴും. സര്‍വ്വ ഭൂമിയിലും നീ അവരെ പ്രഭുക്കളാക്കും. എല്ലാ തലമുറകളും നിന്റെ നാമം ഞാന്‍ ഓര്‍ക്കുമാറാക്കും. അതുകൊണ്ടല്ലയോ ധന്യേ ജാതികള്‍ നിന്നെ എന്നും എന്നും സ്തുതിക്കും. ഉന്നതങ്ങളില്‍ സ്ഥിതിചെയ്യുന്ന സ്വര്‍ഗ്ഗീയ രാജാവിനും, ano നും, നിത്യാത്മാവിനും, ആദിമുതല്‍ ഇന്നുമെന്നും മംഗളം ഭവിക്കട്ടെ.


 Download pdf
58258464 Hits    |    Powered by Oleotech Solutions