Search Athmeeya Geethangal

23. തിരുചരണ സേവ ചെയ്യും നര 
Lyrics : K V Simon, Edayaranmula
1   തിരുചരണ സേവ ചെയ്യും നരരിലതി പ്രേമമാര്‍ന്ന
     പരമഗുണ! യേശുനാഥാ! നമസ്കാരം!
 
2   നിജ ജനക സന്നിധിയും വിബുധരുടെ വന്ദനയും
     വെടിഞ്ഞു വന്ന ദിവ്യഗുരോ! നമസ്കാരം!
 
3   പശുക്കുടിയില്‍ ജീര്‍ണ്ണവസ്ത്രമതില്‍ പൊതിഞ്ഞ രൂപമതു
     ശിശുമശിഹ തന്നെയാവോ! നമസ്കാരം!
 
4   ക്രൂശില്‍ തിരുദേഹം സ്വയം യാഗമാക്കി ലോകരക്ഷ
     സാധിച്ചൊരു ധര്‍മ്മനിധേ! നമസ്കാരം!
 
5   പിതൃസവിധമണഞ്ഞു മമ കുറവുകള്‍ക്കു ശാന്തി ചെയ്വാന്‍
     മരുവിടുന്ന മാന്യമതേ! നമസ്കാരം!
 
6   നിയുത രവിപ്രഭയോടിഹ പുനര്‍ഗ്ഗമിച്ചു പാപികള്‍ക്കു
     നിരയ ശിക്ഷ നല്‍കും വിഭോ! നമസ്കാരം!
 
7   ഉലകിനുള്ള മലിനതകളഖിലം പരിഹരിച്ചു ഭൂവില്‍
     ദശ ശതാബ്ദം വാഴുവോനേ! നമസ്കാരം!    
 

ചരണം-പാദം. നിജ-തന്റെ. ജനകന്‍-പിതാവ്‌. വിബുധര്‍-ദൈവദൂതന്മാര്‍. ജീര്‍ണ്ണ വസ്ത്രം-കീറ്റവസ്ര്രം. സ്വയം-തനിയെ. പിതൃസവിധം-പിതാവിന്റെ സന്നിധി. മരുവുക-ജീവിക്കുക. നിയുതം-ഒരുകോടി. രവി-സൂര്യന്‍. പുനര്‍ഗ്ഗമിക്കുക-വീണ്ടും വരിക. പ്രഭ-ശോഭ. നിരയം-നരകം. ദശശതം-ആയിരം. അബ്ദം-വര്‍ഷം. മാന്യ മതേടമാനിക്കപ്പെട്ട ബുദ്ധിയോടുകൂടിയവന്‍.

തൃപ്പാദസേവകരായ മനുഷ്യരില്‍ അത്യന്തം വാത്സല്യം പ്രദര്‍ശിപ്പിക്കുന്ന ഗുണസമ്പന്നനായ യേശുനാഥാ! നമസ്ക്കാരം. സ്വര്‍ഗ്ഗസ്ഥപിതാവിന്റെ സാമീപ്യവും ദൈവദൂതന്മാരുടെ വന്ദനയും ഉപേക്ഷിച്ചു ഈ താണ ലോകത്തിലേക്കു വന്ന വന്ദ്യഗുരോ നമസ്ക്കാരം. പശുത്തൊട്ടിയില്‍ കീറ്റത്തുണിയില്‍ പൊതിഞ്ഞ ആ രൂപം ശിശുമശിഹാ തന്നെയാണല്ലോ! കുരിശില്‍ തിരുശരീരം യാഗമായി അര്‍പ്പിച്ച്‌ മനുഷ്യരക്ഷ സാധിച്ച ധര്‍മ്മനിധേ! നമസ്‌ക്കാരം. സ്വര്‍ഗ്ഗത്തില്‍ പിതാവിന്റെ സന്നിധിയില്‍ എന്റെ കുറവുകള്‍ക്കു മദ്ധ്യസ്ഥത അണയ്ക്കുന്ന മാന്യമതേ! നമസ്ക്കാരം. കോടി സൂര്യന്റെ പ്രഭയോടുകൂടി വീണ്ടും ഈ ലോകത്തിലേക്കു വന്ന്‌ പാപികള്‍ക്കു നരകശിക്ഷ വിധിക്കുന്ന പ്രഭോ! നമസ്ക്കാരം. ഈ ഭൂമിയുടെ അശുദ്ധിയെല്ലാം മാറ്റി ഇവിടെ ആയിരമാണ്ടു വാഴുന്ന ക്രിസ്തുനാഥാ! നമസ്ക്കാരം.


 Download pdf
58234033 Hits    |    Powered by Oleotech Solutions