Search Athmeeya Geethangal

9. പാഹിമാം ദേവദേവാ!-പാവനരൂപാ!  
Lyrics : K V Simon, Edayaranmula
പാഹിമാം ദേവദേവാ!-പാവനരൂപാ! പാഹിമാം ദേവദേവാ!
 
1   മോഹവാരിധി തന്നില്‍ കേവലം വലയുന്ന
     ദേഹികള്‍ക്കൊരു രക്ഷാനൗകയാം പരമേശാ -
 
2   ലോകവുമതിലുള്ള സര്‍വ്വവും നിജ വാക്കാല്‍
     ചാലവേ പടച്ചൊരു ദേവനായകാ വന്ദേ!-
 
3   ക്ഷാമസങ്കടം നീക്കി പ്രാണികള്‍ക്കനുവേലം
     ക്ഷേമജീവിതം നല്‍കും പ്രേമഹര്‍മ്മ്യമേ! ദേവാ!
 
4   പാപമാം വലയില്‍ ഞാ-നപതിച്ചുഴലായ്വാന്‍
     താപനാശനാ! നിന്‍ കൈയേകിടണമേ നിത്യം-
 
5   ധര്‍മ്മരക്ഷണം ചെയ്വാന്‍ ഉര്‍വ്വിയിലവതാര-
     കര്‍മ്മമേന്തിയ സര്‍വ്വ ശര്‍മ്മദാ നമസ്കാരം -
 
6   നീതിയെന്‍ ഗളത്തിന്‍മേ-ലോങ്ങിയ കരവാളം
     വീതമാക്കിയ ജഗദ്ത്രാതാവേ ശരണം നീ
 
7   ജീര്‍ണ്ണമാം വസനത്താല്‍ ഛാദിതനായോരെന്നെ
     പൂര്‍ണ്ണ ശുഭ്രമാമങ്കി തൂര്‍ണ്ണം ധരിപ്പിച്ചോനേ-
 
8   നിത്യജീവനെന്നുള്ളില്‍ സത്യമായുളവാക്കാന്‍
     സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ!-
 
9   ദീനരില്‍ കനിവേറും പ്രാണനായകാ! പോറ്റി!
     താണു ഞാന്‍ തിരുമുമ്പില്‍ വീണിതാ വണങ്ങുന്നേന്‍-
 

പാഹി-പാലിച്ചാലും (രക്ഷിച്ചാലും). മാം-എന്നെ. പാവനരൂപന്‍-പരിശുദ്ധരൂപന്‍. മോഹവാരിധി-ആഗ്രഹമാക്കുന്ന സമുദ്രം. നൌകംവള്ളം. നിജംസ്വന്തം. വന്ദേ: ഞാന്‍ വന്ദിക്കുന്നു. അനുവേലം-എല്ലായ്പോഴും. പ്രേമഹര്‍മ്മ്യം-സ്‌നേഹത്തിന്റെ മാളിക. ആപതിക്കുക-വീഴുക. താപനാശനന്‍-ദുഃഖത്തെ നശിപ്പിക്കുന്നവന്‍. ഉര്‍വി-ഭൂമി. അവതാരകര്‍മ്മം-അവതരിക്കുക എന്ന പ്രവൃത്തി. ശര്‍മ്മദന്‍-സുഖം തരുന്നവന്‍. ഗളം-കഴുത്ത്‌. കരവാളം-വാള്‍. വീതമാക്കുക-നിഷ്ഫലമാക്കുക. ജഗത്ത്രാതാവ്‌-ലോകരക്ഷകന്‍. വസനം-വസ്ത്രം. ഛാദിതന്‍-പൊതിയപ്പെട്ടവന്‍ (മറയ്ക്കപ്പെട്ടവന്‍?. തൂര്‍ണ്ണം-വേഗം. ദീനര്‍-ദുഃഖിതര്‍. പരിശുദ്ധനായ ദേവദേവാ എന്നെ രക്ഷിച്ചാലും. മോഹമാകുന്ന സമുദ്രത്തില്‍ കിടന്നു നട്ടം തിരിയുന്ന മനുഷ്യര്‍ക്ക്‌ രക്ഷാനകയായ പരമേശാ രക്ഷിക്കണേ മോഹവാരിധി-രക്ഷാനക-രൂപകം) സമുദ്രത്തില്‍ വീണ്‌ മരിക്കാന്‍ തുടങ്ങുന്നവന് വള്ളമാണല്ലേം ആശ്രയസ്ഥാനം. രക്ഷാനകയാണ്‌ ദൈവം. ലോകവും അതിലുള്ള സകലതും വാങ്മാത്രത്താല്‍ നിര്‍മ്മിച്ച ദേവനായകാ! ഞാന്‍ അങ്ങയെ വന്ദിക്കുന്നു. ക്ഷാമസങ്കടം നീക്കി ജീവികള്‍ക്ക്‌ എപ്പോഴും ക്ഷേമജീ വിതമരുളുന്ന സ്നേഹനിധിയായ ദേവാ രക്ഷിച്ചാലും. പാപമാകുന്ന വല യില്‍പെട്ട്‌ ഞാന്‍ ഉഴലാതിരിക്കുന്നതിന്‌ ദുഖഃവിനാശകനായ നാഥാ അങ്ങയുടെ സഹായം എപ്പോഴും എനിക്ക്‌ നല്കണേ. ധര്‍മ്മ സംരക്ഷണത്തിനായി ഭൂമിയില്‍ അവതരിച്ച സര്‍വകൃപാലുവായുള്ളോവേ! നമസ്കാരം. “പാപം ചെയ്യുന്ന ദേഹി മരിക്കണം” എന്ന ദൈവനീതി അനുസരിച്ച്‌ മരണത്തിനര്‍ഹനായിരുന്ന എന്നെ രക്ഷിച്ച നാഥാ - (നീതി എന്റെ കഴുത്തിനുനേരെ ഓങ്ങിയ വാള്‍ നിഷ്ഫലമാക്കിത്തീര്‍ത്തു) ലോകരക്ഷകനായ അങ്ങാണ്‌ ഞങ്ങള്‍ക്കു ശരണം. ജീര്‍ണ്ണ വസ്ര്രത്താല്‍ ദേഹം മറച്ചിരുന്ന എന്നെ ശുഭവും മോടിയേറിയതുമായ വസ്ത്രം ധരിപ്പിച്ച നാഥാ രക്ഷിച്ചാലും (മുടിയന്‍ പുത്രനു പിതാവില്‍ നിന്നു ലഭിച്ച സ്വീകരണം ധ്വനി) നിത്യജീവന്‍ എനിക്കു ലഭിക്കുന്നതിനുവേണ്ടി ശ്രേഷ്ഠമായ പുതു ജന്മം ദാനം ചെയ്ത നാഥാ പാലിച്ചാലും, ദീനരില്‍ കനിവേറുന്ന പ്രാണനാഥാ! ഞാന്‍ തിരുമുമ്പില്‍ സാഷ്ടാഗ പ്രണാമം ചെയ്യുന്നു.

* 'പാഹിമാം' എന്ന സംസ്കൃത പദത്തിന്റെ നിഘണ്ടുവിലെ അർത്ഥം 'എന്നെ രക്ഷിക്കൂ' എന്നാണ്; എന്നാൽ പല ഹിന്ദു കീർത്തനങ്ങളിലും ഉപയോഗിച്ചിരിക്കുന്നതുപോലെ, സന്ദർഭത്തിനനുസരിച്ചുള്ള ഇതിന്റെ അർത്ഥം 'ദൈവസ്തുതി' എന്നാണ്. സമാനമായ മറ്റൊരു പദമാണ് 'ഹോശാന'.


 Download pdf
58234026 Hits    |    Powered by Oleotech Solutions