Search Athmeeya Geethangal

622. നീതിയാം യഹോവായേ! തിരു- 
Lyrics : K V Simon, Edayaranmula
നീതിയാം യഹോവായേ! തിരു-
ചരണമെന്‍റെ ശരണം
ശ്രീതരും തവ പാദമതൊന്നേ
ഖേദമകറ്റിപ്പരിപാലിപ്പതെന്നെ
         
          നീസരി സരിമാ രിമപാ നിപമാ
          പസസനി പനിപമ രിപാമ രിമരിസ
          നീയുരു കരുണാ രസമാനസമാര്‍-
          ന്നനിശമിരിപ്പതാലസാമ്യ സുഖം മമ
 
1   ദേഹികള്‍ക്കമൃതായേ-തവ ദേഹമിരിപ്പതെന്നായേ
     വേദമോതിടുന്നാകയാല്‍ നീയേ
     വേദനയില്‍ തുണയെന്നാത്മിക തായേ-
 
2   ദേവ! നിന്നുടെ ജ്ഞാനം മമ താപമാറ്റിടും നൂനം
     പാവനാശയ! മാനസവാനം
     പാര്‍ക്കുവതിന്നരുള്‍ നിന്‍ബോധവിമാനം-
 
3   കാമതസ്കരന്‍ നേരേ വന്നു കേമഭാവമായ് ചാരേ-
     താമസിപ്പതുണ്ടാകയാല്‍ ദൂരെ
     നീയിരിപ്പതെന്തനിക്കീശാ! നീ പോരേ?
 
4   യൂദപാതകരോടും പുരമായിരുന്ന നീ, വീടും
     താതനമ്മയും-സ്വത്തുക്കള്‍ നാടും
     തള്ളിയോരെന്നെ പുലര്‍ത്തിടുവാന്‍ കൂടും-
 
5   ആയിരം നരന്മാരില്‍ പരിപൂതനേശുവിപ്പാരില്‍
     ആയവന്‍ ബലത്തോടു ഞാന്‍ ചേരില്‍
     മായമെന്യേ ജയിക്കാമാത്മിക പോരില്‍-
 
6   കഷ്ടനാളുകള്‍ വന്നു- വൃഥപ്പെട്ടുവെങ്കിലും, പൊന്നു
     വിഷ്ടപേശ! നിന്‍ സന്നിധൗ നിന്നു
     സ്പഷ്ടമുരയ്ക്കില്‍ ഭവാന്‍ കേട്ടിടുമന്നു     
 

അനിശം-എല്ലായ്പ്പോഴും. ഉരുകരുണ-വലിയകരുണ. അസാമ്യം-അമൂല്യം. മമ-എനിക്ക്‌. ദേഹിടമനു ഷ്യന്‍. തായ്‌ അമ്മ. ആറ്റിടുക-ഇല്ലാതാക്കുക. നൂനം-നിശ്ചയം. പാവനാശയന്‍-പരിശുദ്ധ മനസ്കന്‍. മാനസവാനം-മനസ്സാകുന്ന ആകാശം. ബോധവിമാനം-അറിവാകുന്ന വിമാനം. കാമതസ്ക്കരന്‍-ആഗ്ര ഹമാകുന്ന കള്ളന്‍. ചാരേ-സമീപത്ത്‌. യൂദപാതകന്‍-പാതകരായ യഹൂദന്മാര്‍. പുരം-താമസസ്ഥലം. താതന്‍-പിതാവ്‌. നരന്‍-മനുഷ്യന്‍. പരിപൂതന്‍-പരിശുദ്ധന്‍. പാര്‍-ലോകം. ബലം-സൈന്യം. വിഷ്ടപേശന്‍-ഭൂനാഥന്‍. സന്നിധാ-സന്നിധി യില്‍. സ്പഷ്ടം-വൃക്തം.

നീതിയായ യഹോവേ! അവിടുത്തെ പാദമാണ്‌ എനിക്കാശ്രയം. ഐശ്വര്യം പ്രദാനം ചെയ്യുന്ന അവിടുത്തെ പാദം മാത്രമാണു ദുഃഖം മാറ്റി എന്നെ പരിപാലിക്കുന്നത്‌. അങ്ങ്‌ വന്‍കരുണാ മനസ്കനായി എല്ലായിപ്പോഴും ഇരിക്കുന്നത്‌ അസാമാന്യമായ സുഖം എനിക്കു തരുന്നു.

മനുഷ്യര്‍ക്കു മരണമില്ലാത്തതായി ഭവിക്കുവാന്‍ കാരണമായത്‌ അവിടുത്തെ ശരീരം ഒന്നു മാത്രമാണ്‌. അങ്ങനെയാണു തിരുവചനം പറയുന്നത്‌. അത്മീകമാതാവേ അവിടുന്നാണു വേദനയില്‍ എനിക്കു തുണ.

ദേവാ അവിടുത്തെ ജ്ഞാനം എന്റെ ദുഃഖം നിശ്ചയമായും അകറ്റുന്നതാ ണ്‌. പരിശുദ്ധ മനസ്കനായുള്ളോവേ അങ്ങയുടെ മനസ്സാകുന്ന ആകാശം കാണുന്നതിന്‌ അവിടുത്തെ ബോധമാകുന്ന വിമാനം തന്നാലും.

കാമമാകുന്ന കള്ളന്‍ കേമത്തം നടിച്ച്‌ എന്റെ നേരേ വന്ന്‌ സമിപത്തു കഴിയുന്നുണ്ട്‌. അതുകൊണ്ട്‌ അങ്ങു ദൂരത്തിരിക്കുന്നതെന്ത്‌? അങ്ങ്‌ പോരേ എനിക്ക്‌. പാതകന്മാരായ യഹുദന്മാരോടുംകൂടെ ജീവിച്ചിരുന്ന അങ്ങ്‌, വീടും, മാതാപിതാക്കളേയും, സ്വത്തും, നാടും ഉപേക്ഷിച്ചു വന്ന എന്നെ പുലര്‍ത്തുവാന്‍ മതിയായവനാണ്‌.

ആയിരം മനുഷ്യരില്‍ ഏറ്റവും പരിശുദ്ധനാണ്‌ ഈ ലോകത്തില്‍ യേശുക്രിസ്തു. അങ്ങനെയുള്ളവന്റെ സൈന്യത്തോടു ഞാന്‍ ചേരുകയാണെങ്കില്‍ യാതൊരു പ്രയാസവും കൂടാതെ ആത്മീയ യുദ്ധത്തില്‍ വിജയിയാകാന്‍ സാധിക്കും. കഷ്ടകാലം വന്നു ദുഃഖം അനുഭവിച്ചെങ്കിലും പൊന്നു കര്‍ത്താവേ അവിടുത്തെ സന്നിധിയില്‍നിന്നു ഞാന്‍ വ്യക്തമായി അപേക്ഷിച്ചാല്‍ തീര്‍ച്ചയായും അവിടുന്നു കേള്‍ക്കും.

        

 Download pdf
58234033 Hits    |    Powered by Oleotech Solutions