Search Athmeeya Geethangal

390. ശ്രീമനുവേല്‍ മരിജാതനാം 
Lyrics : K V Simon, Edayaranmula

അമീര്‍കല്യാണി - ആദിതാളം

 

ശ്രീമനുവേല്‍ മരിജാതനാം-സുരതാതനാം-നാഥനാം

1   സിതനിറമോടഥ ചുവപ്പും ചിതമൊടുകലര്‍ന്നൊരു പുരുഷനിതാ-

2   അയുതനര-രതിലുമഹോ! അതിഗുണമെഴുന്നോരു പ്രമുഖനിവന്‍

3   കറയകന്ന-കനകതുല്യം പരസുതനിവനുടെ ശിരസ്സതുലം-

4   അവനുടയ മുടി നിറമോ ധവളമല്ലതു കറുപ്പധികമഹോ!

5   ഓവുകളിന്നരികെയുള്ള പ്രാവുകളുടെ സമമവന്‍റെ കണ്‍കള്‍

6   പാലിലഹോ-സ്നാതമവ ചേലൊടു പതിപ്പിക്കപ്പെട്ടതു താന്‍-

7   കവിളുകളോ-മിസിതടം പോല്‍ കമലതുല്യാധരങ്ങള്‍ പൊഴിക്കുന്നു മൂര്‍

8   പച്ചരത്നം പതിച്ച പൊന്നിന്‍ സ്വച്ഛമോതിരങ്ങള്‍ പോല്‍ കരങ്ങളഹോ!

9   നീലരത്നമമിഴ്ന്നദന്തം പോലെ തന്നുദരമങ്ങതിരമണം-

10 വെണ്‍കല്‍ത്തൂണതു സമംകാല്‍ തങ്കമാം ചുവടിങ്കല്‍ ഉറച്ചതുപോല്‍-

11 ലിബനതുല്യം-മുഖസ്വരൂപം ദ്രുമമതു ദാരുകമിതിന്നു സമം-

12 വദനമതോ-മധുരമഹോ! അതുവുമല്ലിവനതിരമണീയനാം-     

 

ശ്രീമനുവേല്‍-യേശുക്രിസ്തു, മരിജാതന്‍ മറിയയുടെ പുത്രന്‍, സുരതാതന്‍-ദേവപിതാവ്‌ സിതം-വെളുപ്പ്‌, അഥ-അനന്തരം, ചിതം-ഉചിതം, അയുതം-പതിനായിരം, കനകം-സ്വര്‍ണ്ണം, അതുല്യം-തുല്യമില്ലാത്തത്‌, ധവളം-വെളുപ്പ്‌, സ്നാതം-കുളിച്ചത്‌, മിസിതടം-സുഗന്ധ്രവ്യങ്ങളുടെ തടം, കമലം-താമര, ദന്തം-ആനക്കൊമ്പ്‌, ഉദരം-വയറ്‌, രമണം-മനോഹരം, ദ്രൂമം-വൃക്ഷം, ദാരുകം-ദേവദാരു, വദനം-മുഖം, രമണിയന്‍-മനോഹരന്‍.

ശ്രീമനുവേല്‍ മറിയയുടെ പുത്രനാണ്. ദേവന്മാരുടെ പിതാവാണ്‌. എല്ലാറ്റിന്റെയും നാഥനുമാണ്‌. വെണ്മയുടെയും ചുവപ്പിന്റെയും സമുചിത സമ്മേളനമായ പുരുഷന്‍ ഇതാ. പരിനായിരം ആളുകളെക്കാള്‍ ഗുണസമ്പന്നനായ പ്രമുഖനാണിവന്‍. ദൈവപുത്രനായ അവന്റെ ശിരസ്സു കറയറ്റ തങ്കത്തിനു തുല്യം. മുടി വെളുത്തതല്ലു. കറും കറപ്പാണ്‌. കണ്ണുകള്‍ തോട്ടരികിലുള്ള പ്രാവുകള്‍ക്ക്‌ തുല്യവും പാലില്‍ കുളിപ്പിച്ചു ചേര്‍ച്ചയായി പതിക്കപ്പെട്ടതാണവ. കവിളുകള്‍ സുഗന്ധ ദ്രവ്യങ്ങളുടെ തടംപോലെയും, അധരങ്ങള്‍ താമരപ്പുപോലെയും ഇരിക്കുന്നു. അതു മൂറിന്‍ തൈലം പൊഴിക്കുന്നു. പച്ചരത്നം പതിച്ച സ്വര്‍ണ്ണനാളങ്ങള്‍ പോലെയാണു കൈകള്‍. ആനക്കൊമ്പില്‍ നീലരത്നം പതിച്ചതുപോലെ മനോഹരമാണ്‌ വയറ്‌. തങ്കച്ചുവട്ടില്‍ നിര്‍ത്തിയ വെണ്‍കല്‍ത്തൂണ്‍ പോലെയുള്ളതാണു കാലുകള്‍. മുഖം ലബാനോനെപ്പോലെ ദേവദാരുവിനു തുല്യം അതി മനോഹരവും മധുരമേറിയതും ആണ്‌. എന്നുതന്നെയല്ല ഇവന്‍ അതിരമണീയനാണ്‌.

    


 Download pdf
58233595 Hits    |    Powered by Oleotech Solutions