Search Athmeeya Geethangal

112. ഭൂപതിമാര്‍ മുടിമണേ! വാഴ്ക നീ 
Lyrics : K V Simon, Edayaranmula

ഭൂപതിമാര്‍ മുടിമണേ! വാഴ്ക നീ

പാരില്‍ പെരുത്തപാപം നീങ്ങുവാനിഹ
യാഗമായൊരു  നാഥന്‍ നീ
 
1   സാധുവാമിവന്‍ പുതുജീവനില്‍ കടക്കയാല്‍
     സാദരം ഭവല്‍ സ്തുതിചെയ്യുമേ ജയം പാടുമേ സതതം പ്രഭോ-
 
2   നിന്‍തിരു കൃപയോര്‍ത്താല്‍ ബന്ധുത ലഭിക്കിലും
     അന്തമറ്റതിദോഷം ചെയ്തവന്‍ ഫലം കൊയ്തവന്‍ കഠിനന്‍ വിഭോ-
 
3   നീതിയിന്‍ വിധിക്കുമുന്‍ ഭീതനായ് ഭവിക്കവേ
     പാതകനിവന്‍ ബഹുഭാഗ്യമാര്‍ന്നതി- യോഗ്യനായ്ത്തിരുനീതിയാല്‍-
 
4   രാജനായ് വാഴ്ക നിന്‍ നീതിയാല്‍ ഭരിക്ക നീ
     രാജിതമഹസ്സെഴും നാഥനേ! തവ ദാസനെ ഭരമേല്‍ക്ക നീ-
 
5   നിന്‍തിരു പ്രഭാവമിന്നെന്തു ഞാനുരയ്ക്കുന്നു!
     നിന്‍തിരു മുന്നരചര്‍ വീഴുമേ സ്തുതി- പാടുമേ മടിയെന്നിയേ-
 
6   കാഴ്ചകളോടു തിരുവാഴ്ചയിലവര്‍ വന്നു
     വീഴ്ച കൂടാതെ വണങ്ങിടുമേ മുഴങ്ങിടുമേ സ്തുതിഗാനവും-
 
7   പാതകന്മാര്‍ തിരുമുന്‍ വേദനയോടുഴറി
     ഖേദമോടുടന്‍ വിറച്ചിടുമേ ഒളിച്ചിടുമേ തരമാകുകില്‍
 
8   തീയൊടു മെഴുകുപോലാമവര്‍ നീയോ നിത്യ
     സ്ഥായിയായ് പരം വസിച്ചിടുമേ ഭരിച്ചിടുമേ യുഗകാലമായ്-
 

ഭൂപതി-രാജാവ്‌. പാര്-ലോകം. ഇഹ-ഇവിടെ. ഭവല്‍സ്തുതി-ഭവാനെ സ്തുതിക്കുന്നത്‌. സതതം-എല്ലായ്പ്പോഴും. ഭീതന്‍-ഭയപ്പെട്ടവന്‍. പാതകന്‍-കുറ്റക്കാരന്‍. രാജിതം-ശോഭിക്കുന്നത്‌. മഹസ്സ്‌-തേജസ്സ്‌. പ്രഭാവം-മഹത്വം. അരചര്‍-രാജാക്കന്മാര്‍. ഉഴറി-ദുഃഖിപ്പിച്ച്‌. ഖേദം-ദുഃഖം. സ്ഥായി-സ്ഥിരമായിട്ടുള്ളത്‌. പരം-അത്യന്തം.

രാജാക്കന്മാരില്‍ ശ്രേഷ്ഠനായുള്ളോവേ അവിടുന്നു വാണരുളിയാലും, ലോകത്തിന്റെ പെരിയ പാപത്തെ നീക്കുന്നതിനായി ഇവിടെ യാഗമായിതീര്‍ന്ന നാഥനാണ്‌ അങ്ങ്‌. സാധുവായ ഇവന്‍ പുതുജീവന്‍ പ്രാപിച്ചതുകൊണ്ട്‌ അങ്ങയെ സ്തുതിക്കും. എല്ലായ്പ്പോഴും ജയഗീതം പാടും. അവിടുത്തെ കൃപകൊണ്ട്‌ ദൈവവുമായുള്ള ബന്ധം ലഭിച്ചെങ്കിലും, പാപംചെയ്തു അതിന്റെ ഫലം അനുഭവിച്ച കഠിനനായിരുന്നു ഞാന്‍. പാപി ശിക്ഷിക്കപ്പെടണമെന്നുള്ള ദൈവനീതിയുടെ മുമ്പില്‍ ഭീതനായിത്തീര്‍ന്ന ഞാന്‍ അവിടുത്തെ നീതിയാല്‍ - പാപിക്കു ന്യായമായി ലഭിക്കേണ്ട ശിക്ഷ സ്വയം ഏറ്റെടുത്തതിനാല്‍ ഭാഗ്യവാനും ആയിത്തീര്‍ന്നു. രാജാവായി വാണ്‌ നീതിയാല്‍ ഭരിച്ചാലും. ദാസനായ ഈയുള്ളവനെ അങ്ങു ഭരമേല്കുക. അവിടുത്തെ പ്രഭാവം അവാച്യമാണ്‌. രാജാക്കന്മാര്‍ തിരുമുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്യും. കാഴ്ചകളോടുകൂടി അവര്‍ വന്ന്‌ സ്തുതിഗീതം പാടി വണങ്ങും. സ്തുതിഗാനം സര്‍വ്രത മുഴങ്ങും. ദുഷ്ടന്മാര്‍ തിരുമുമ്പില്‍ വേദനയോടുകൂടി ഉഴറി ദുഃഖിച്ചു വിറയ്ക്കും. സൌകര്യപ്പെട്ടാല്‍ ഒളിച്ചുകളയുകയും ചെയ്യും. തീയുടെ അടുത്ത്‌ മെഴുക്‌ എന്നപോലെ അവര്‍ ആയിത്തീരും. അവിടുന്നു നിത്യം സ്ഥായിയായി യുഗായുഗങ്ങള്‍ ഭരിക്കും.


 Download pdf
58234023 Hits    |    Powered by Oleotech Solutions