Search Athmeeya Geethangal

262. തുംഗപ്രതാപമാര്‍ന്ന ശ്രീയേശുനായ 
Lyrics : K V Simon, Edayaranmula
തുംഗപ്രതാപമാര്‍ന്ന ശ്രീയേശുനായകനേ !
ഞങ്ങള്‍ക്കു നന്മ ചെയ്ത കാരുണ്യ വാരിധിയേ!
വണങ്ങിടുന്നടിയാര്‍ തവ പദങ്ങളാശ്രയമേ
 
1   നിര്‍മ്മലമായ രക്തം ശര്‍മ്മദാ! നീ ചൊരിഞ്ഞു
     കന്മഷം പോക്കി ദുഷ്ടകര്‍മ്മഫലത്തില്‍ നിന്നു
     വിടുതല്‍ ചെയ്തതിനാല്‍ ഞങ്ങളടിവണങ്ങിടുന്നേ!-
 
2   ഗത്തസമേനയെന്ന തോട്ടത്തിലെത്തി ഭവാന്‍
     രക്തം വിയര്‍ത്തധിക ദു:ഖമനുഭവിച്ച
     ചരിതമോര്‍ത്തിടുമ്പോള്‍ മന-മുരുകിടുന്നു പരാ!-
 
3   ഹന്നാസു കയ്യാഫാവും ഹേരോദുമന്നു നിന്നെ
     നിന്ദിച്ചു പീഡ ചെയ്തതെല്ലാം സഹിച്ചുവല്ലോ
     മറുത്തതില്ല തെല്ലും റോമ ഗവര്‍ണ്ണര്‍ മുമ്പിലും നീ
 
4   പേശിപ്പുലമ്പി ദുഷ്ടര്‍ ക്രൂശിച്ചിടും പൊഴുതും
     വാശിക്കധീനമായി ത്തീര്‍ന്നില്ല നിന്‍ഹൃദയം
     വിമലകാന്തി ചേര്‍ന്നു മുഖം വിളങ്ങി ശാന്തിയാര്‍ന്നു--
 
5   നിന്‍ സൗമ്യമാം സ്വഭാവം നന്നായ് പഠിച്ചടിയാര്‍
     വന്‍ പ്രാതികൂല്യമദ്ധ്യേ മുമ്പോട്ടു യാത്ര ചെയ്വാന്‍
     തിരുമുഖ പ്രകാശം ഞങ്ങള്‍ക്കരുള്‍ക നീ സതതം--
 
6   ലോകൈക സദ്ഗുരുവേ! സ്വര്‍ജീവനക്കരുവേ!
     ദാസര്‍ക്കഭീഷ്ടമേകും മന്ദാരമാം തരുവേ!
     തിരുവടി നിയതം ഞങ്ങള്‍ക്കരുളണമഭയം-
 
7   തത്വവിത്താം മുനിയേ! ദുഷ്ടലോകശനിയേ!
     സത്യവേദധ്വനിയേ! ജീവാഗമക്കനിയേ!
     കരുണയിന്‍ ധുനിയേ! ഞങ്ങള്‍ വരുന്നിതാ തനിയേ-  
 

തുംഗം-ഉയര്‍ന്നത്‌, കാരുണ്ൃയവാരിധി-കരുണയുടെ കടല്‍, പദം-പാദം, ശര്‍മ്മ ദന്‍ം-സുഖം ദാനം ചെയ്യുന്നവന്‍, കുന്മഷം-പാപം, വിമലം-പരിശുദ്ധം, ശാന്തി-സമാധാനം, സന്തതം-എപ്പോഴും, അഭീഷ്ടം-ഇഷ്ടഫലം, മന്ദാരം-കല്‍പ വൃക്ഷം, തരു-വൃക്ഷം, തിരുവടിടതൃപ്പാദം, നിയതം-എല്ലായ്‌ പ്പോഴും, അഭയം-ആശ്രയം, തത്ത്വവിത്ത്- തത്ത്വം അറിയാവുന്നവന്‍, മുനി-ചിന്തിക്കുന്ന വന്‍, ദുഷ്ടലോകശനി-ദുഷ്ടന്മാര്‍ക്കു നാശകരമായത്‌, ധ്വനി-ശബ്ദം, കനി-ഫലം, ധുനി-നദി, കരു-ബീജം, ജീവാഗമക്കനി-ജീവന്‍ വരുത്തുന്ന പഴം.

വന്‍ പ്രതാപം ഉള്ള യേശുനാഥാ! ഞങ്ങള്‍ക്കു നന്മ ചെയ്ത കരുണാ സമുദ്രമേ! ഞങ്ങള്‍ അങ്ങയെ വണങ്ങുന്നു. അങ്ങയുടെ പാദം ഞങ്ങള്‍ക്കു ആശ്ര യമാണ്‌. അല്ലയോ സുഖദായകാ! അങ്ങ്‌ നിര്‍മ്മല രക്തം ചിന്തി ഞങ്ങളുടെ പാപം പോക്കി പാപഫലത്തില്‍ നിന്നും വിടുവിച്ചതിനാല്‍ ഞങ്ങള്‍ നമസ്ക്കരി ക്കുന്നു. ഗത്സമനയില്‍വച്ച്‌ അതിദുഃഖത്തിലായി രക്തം വിയര്‍ത്ത വാര്‍ത്ത ഓര്‍ത്തു ഞങ്ങളുടെ മനസ്സുരുകുന്നു. ഹന്നാസും, കയ്യാഫാവും, ഹെരോദാവും അങ്ങയെ നിന്ദിച്ചു പീഡിപ്പിച്ചതെല്ലാം അങ്ങു സഹിച്ചുവല്ലോ. റോമാ ഗവര്‍ണറായ പീലാത്തോസിന്റെ മുമ്പിലും അവിടുന്ന്‌ ഒന്നും മറുത്തുപറഞ്ഞില്ല. പേശി പുലമ്പിക്കൊണ്ടു ദുഷ്ടന്മാര്‍ ക്രൂശിച്ചപ്പോഴും അങ്ങയുടെ ഹൃദയം വാശിക്കധീനമായില്ലു. നേരേ മറിച്ച്‌ അങ്ങയുടെ മുഖം പരിശുദ്ധ ശോഭ കൈവരിക്കയും സമാധാനത്താല്‍ പ്രശോഭിക്കുകയും ചെയ്തു. അങ്ങയുടെ സൌമ്യ സ്വഭാവം നന്നായി അഭ്യസിച്ചിട്ട്‌ പ്രാതികൂല്യങ്ങളുടെ മദ്ധ്യത്തില്‍ മുമ്പോട്ടുപോകുവാന്‍ തിരുമുഖ പ്രകാശം ഞങ്ങള്‍ക്കു തരിക. ലോകൈക സല്‍ഗുരുവേ! സ്വര്‍ഗ്ഗ ജീവന്റെ മൂര്‍ത്തിയേ! ദാസന്മാരുടെ അഭീഷ്ടം സാധിക്കുന്ന കല്‍പവൃക്ഷമേ! അവിടുത്തെ പാദം ഞങ്ങള്‍ക്കഭയമരുളണം. തത്ത്വജ്ഞാനിയായ മുനിയേ! ദുഷ്ടലോക ശനിയേ! സത്യവേദ നാദമേ! ജീവദായകമായ കനിയേ! കരുണയൂടെ നദിയേ! ഞങ്ങളിതാ തനിയെ അവിടേക്കു വരുന്നു.


 Download pdf
58234026 Hits    |    Powered by Oleotech Solutions