Search Athmeeya Geethangal

92. പാരസികര്‍ വന്നു പാദം പണിഞ്ഞ  
Lyrics : K V Simon, Edayaranmula
പാരസികര്‍ വന്നു പാദം പണിഞ്ഞ രാജാവേ!
യൂദ-രാജന്‍ ഭയന്നിളകിടുമാറുദിച്ച രാജാവേ!
 
1   പുല്‍ക്കിടക്ക ധൂളിമെത്തയാക്കും രാജാവേ!-തീരെ
     കീറ്റുതുണി പട്ടായ്ക്കാണും സ്വര്‍ഗ്ഗരാജാവേ!
 
2   വിണ്ണുലകം ദീപമേന്തിയുപചരിക്കുന്നു-നിന്‍റെ
     പൊന്നു ജന്മം ദൂതരെല്ലാം പാടി വാഴ്ത്തുന്നു
 
3   പഴയ പാമ്പിന്‍ തല തകര്‍ക്കാന്‍ ഭൂവില്‍ വന്നോനേ!-ലോകം
     വഴി നടപ്പാന്‍ പുതിയ മാര്‍ഗ്ഗം തുറന്നു തന്നോനേ!
 
4   കഠിനരോഗം ത്ധടിതി നീക്കി സുഖമരുളിടും-ഭവാന്‍
     കൊടിയ കാറ്റിന്‍ പടുത നീക്കും നിജവചനത്താല്‍
 
5   കുരിശിലുള്ള നിജമൃതിയാല്‍ മനുജമക്കള്‍ക്കു ഘോര-
     നരകമതിന്നടിയില്‍നിന്നു വിടുതലേകിടും
 
6   എളിയവര്‍ക്കു നിറവരുളിത്തരുന്ന രാജാവേ! നിന്‍റെ
     പിളര്‍ന്ന ചങ്കില്‍ മറയുവതിന്നരുള്‍ക രാജാവേ!     
 

പാരസീകര്‍-പേര്‍ഷ്യാക്കാര്‍ (വിദ്വാന്മാര്‍). പണിയുക-നമസ്കരിക്കുക. ധൂളി മെത്ത-മാര്‍ദ്ദവമുള്ള മെത്ത. വിണ്ണുലകം-സ്വര്‍ഗ്നം. ദീപം-വിളക്ക്‌. ഗോക്കള്‍- പശു ക്കള്‍. ത്ഥടിതി-പെട്ടെന്ന്‌. പടുത-സാമര്‍ത്ഥ്യം. നിജ-തന്റെ. മൃതി-മരണം.

പേര്‍ഷ്യാക്കാര്‍ (വിദ്വാന്മാര്‍) വന്നു വണങ്ങിയ രാജാവേ! യൂദ രാജാവായ ഹെരോദാവു ഭയന്നു വിറയ്ക്കത്തക്കവണ്ണം ഉദിച്ച സ്വര്‍ഗ്ഗീയ രാജാവേ! വൈക്കോല്‍ കിടക്ക, ധൂളിമെത്തയാക്കുന്നവനും കീറ്റത്തുണി പട്ടുപോലെ കാണുന്നവനുമായ രാജാവേ! സ്വര്‍ഗ്ഗം വിളക്കും കൊളുത്തി അങ്ങയെ ഉപചരിക്കുന്നു. (ആകാശത്തില്‍ പ്രത്യേക നക്ഷത്രം പ്രതൃക്ഷപ്പെട്ടു വിദ്വാന്മാര്‍ക്കു വഴി കാട്ടിക്കൊടുത്തു). അങ്ങയുടെ പൊന്നു ജന്മം ദൂതന്മാര്‍ പാടി വാഴ്ത്തുന്നു. പശുക്കള്‍ കിങ്ങിണി കിലുക്കി സന്തോഷം പ്രകടിപ്പിക്കുന്നു. ഭൂമി മംഗളമായ വെണ്‍പുടവ ധരിച്ചുല്ലസിക്കുന്നു. പഴയ പാമ്പായ സാത്താന്റെ തല തകര്‍ക്കു ന്നതിന്‌ ഭൂമിയിലേക്ക്‌ വന്നവനും ലോകര്‍ നടക്കുന്നതിന്‌ ഒരു പുതിയ വഴി തുറന്നു തന്നവനും ആണ്‌ അവിടുന്ന്‌. കഠിനരോഗത്തെ പെട്ടെന്ന്‌ മാറ്റി സുഖം അരുളുകയും, കാറ്റിന്റെയും തിരമാലകളുടെയും ഭീകരതയെ വാക്കുകൊണ്ട്‌ ശാന്തമാക്കുകയും ചെയ്തവനാണ്‌ അങ്ങ്‌. കുരിശിലെ മരണത്താല്‍ മനുഷ്യമക്കള്‍ക്ക്‌ നരകത്തില്‍നിന്നും അങ്ങ്‌ വിടുതലും നല്കി. എഏളിയവര്‍ക്കു സമൃദ്ധി ദാനം ചെയ്യുന്ന അങ്ങയുടെ പിളര്‍ന്ന ചങ്കില്‍ മറയുന്നതിന്‌ എന്നെ അനുഗ്രഹിച്ചാലും.

 

 Download pdf
58234037 Hits    |    Powered by Oleotech Solutions