Search Athmeeya Geethangal

87. ദേവഗണനായകനേ! പാപ 
Lyrics : K V Simon, Edayaranmula
1   ദേവഗണനായകനേ! പാപഭയനാശകനേ!
     ദീനജനപാലകനേ! ദിനമെന്നും സ്തുതി തവ!
 
2   ഉന്നതത്തെ വിട്ടുവന്നു മന്നിടത്തില്‍ ശാപമേറ്റു
     പാപികളെ വീണ്ടെടുത്ത പരമേശാ! സ്തുതി തവ!
 
3   സുഖം ബലമിവ തന്നു ദുരിതങ്ങള്‍ തുലച്ചിന്നു
     തിരുമുഖമണച്ചൊരു തിരുസുതാ സ്തുതി തവ!
 
4   മനമതില്‍ സമാധാനം ദിനന്തോറുമടിയരില്‍
     നിറവായി പകരുന്ന നിഖിലേശാ! സ്തുതി തവ!
 
5   വരവിനായൊരുങ്ങി ഞാനനുദിനമിരിക്കുവാന്‍
     ഒരുക്കി മാം നടത്തിടുമൊരുവനേ! സ്തുതി തവ!
 
6   ദിനവും നിന്നടിയിണ ശരണമെന്നുറച്ചു ഞാന്‍
     മരുവുവാനരുളേണം മനുവേലാ! സ്തുതി തവ!
 
7   കൃപയെന്മേല്‍ ചൊരിയുക പുതുശക്തി നിറയ്ക്കുക
     ചിറകിന്‍കീഴ്മറയ്ക്കുക ചിരന്തന! സ്തുതി തവ!
 

ദേവഗണനായകന്‍-ദേവസമൂഹത്തിന്റെ നായകന്‍, പാപഭയനാശകന്‍-പാപത്തെ ക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുന്നവന്‍, ദീനജന പാലകന്‍-ദുഃഖിതരായ ജനങ്ങളെ പാലിക്കുന്നവന്‍, ദിനം-ദിവസം, തവംനിനക്ക്‌, ഉന്നതം-ഉയര്‍ന്ന സ്ഥാനം (സ്വര്‍ഗ്ഗം), മന്നിടം-ഭൂമി, ദുരിതം-കഷ്ടത, നിഖിലേശന്‍-എല്ലാറ്റിന്റെയും ഈശന്‍, അനുദിനം-ദിവസം തോറും, ചിരന്തനന്‍-എന്നേക്കുമിരിക്കൂന്നവന്‍.

ദേവദൂതസമൂഹത്തിന്റെ നായകനും, മനുഷ്യരുടെ പാപഭയത്തെ ഇല്ലാതാക്കുന്നവനും, ദീനജനങ്ങളെ പരിപാലിക്കുന്നവനും ആയ ക്രിസ്തുനാഥാ! നമസ്കാരം; ഉന്നതമായ സ്വര്‍ഗ്ഗലോകം ഉപേക്ഷിച്ചു താണ ഭൂമിയിലേക്ക്‌ വന്ന്‌ അവിടുന്ന്‌ ശാപം ഏറ്റു പാപികളെ വീണ്ടെടുത്തു. സുഖം, ബലം, ആദിയായവ തന്ന്‌ ദുരിതങ്ങള്‍ ഇല്ലാതാക്കി. ദൈവപുത്രാ അവിടുന്നു ഞങ്ങളെ കടാക്ഷിച്ചു. ഞങ്ങളുടെ മനസ്സില്‍ ദിനംന്തോറും സമാധാനം നിറച്ചുതരുന്ന സകലാധീശാ! നമസ്കാരം. അങ്ങയുടെ വരവിനെ പ്രതീക്ഷിച്ച്‌ ഞാന്‍ എല്ലാസമയവും ഒരുങ്ങിയിരിക്കുന്നതിന്‌ എന്നെ സഹായിച്ചുകൊണ്ടിരിക്കുന്ന കര്‍ത്താവേ! സ്തുതി. എന്നും അവിടുത്തെ പാദം മാത്രം ശരണമാക്കി ജീവിക്കുവാന്‍ കൃപ ചെയ്യണേ. എന്നെന്നേയ്ക്കും ജീവിക്കുന്നവനും മാറ്റമില്ലാത്തവനുമായ നാഥാ! എന്റെ മേല്‍ കൃപ ചൊരിയുക. പുതുശക്തികൊണ്ടു എന്നെ നിറയ്ക്കുക; അവിടുത്തെ ചിറകിന്‍ കീഴില്‍ മറയ്ക്കുക. അങ്ങേയ്ക്കു എന്നെന്നേക്കും സ്തുതി.


 Download pdf
58257795 Hits    |    Powered by Oleotech Solutions