Search Athmeeya Geethangal

86. സ്തുതി നിനക്കിന്നേശുപരാ! സത 
Lyrics : K V Simon, Edayaranmula
രീതി: യേശുനാഥാ നിന്‍ കൃപയ്ക്കായ്
    
സ്തുതി നിനക്കിന്നേശുപരാ! സതതവുമാമേന്‍!
മതി തെളിഞ്ഞെന്‍ ഹൃദയമതില്‍ പ്രതിഫലിക്ക നീ
 
1   തിരുമുഖമെന്‍ മനതളിരില്‍ തെളിവൊടു കാണ്മാന്‍
     ചൊരിക പരാ തവകൃപയിന്‍ നിറവുകളെന്മേല്‍
 
2   മരണനിദ്രയ്ക്കൊരു നിമിഷം മതിമയങ്ങി ഞാ-
     നിരുന്നിടായ്വാന്‍ പരമജ്യോതിസ്സരുളണമെന്നില്‍
 
3   അരുമനാഥാ! തവ ജഡമെന്‍ മരണനിലയില്‍
     പരമജീവനരുളിയൊരു തിരുക്കരുണയ്ക്കായ്
 
4   മലിനമില്ലാ-തവകൃപയിന്‍ നിയമരക്തത്താല്‍
     നിലവരമാമല ജീവനരുളിയതിനാല്‍
 
5   പുതിയ കൃപാനിറവുകളാലകമലരെല്ലാം
     പ്രതിദിനവും നിറയുവതിന്നരുള്‍ ചൊരിയേണം
 
6   പരദേശിയായ് നിവസിക്കുന്ന ഭവനമിതിലെന്‍
     പരമഗീതം തവ നിയമ വിഷയമാമെന്നും-     
 

സതതം-എല്ലായ്പ്പോഴും. മതി-ബുദ്ധി. അമലം-പരിശുദ്ധം. നിലവരം-വ്യവസ്ഥ. (ഉറ പ്പ്). പ്രതിദിനം-ദിവസംതോറും. അരുള്‍-കൃപ. അനുഗ്രഹം.

യേശുദേവാ! അങ്ങേയ്ക്കു എല്ലായ്പ്പോഴും സ്തുതി. എന്റെ ഹൃദയത്തില്‍ അങ്ങ്‌ പ്രതിഫലിച്ചാലും. എന്റെ മനസ്സില്‍ തിരുമുഖം തെളിഞ്ഞു കാണേണ്ടതിനു കൃപ ചെയ്യണേ. ഒരു നിമിഷംപോലും മരണനിദ്രയ്ക്ക്‌ എന്റെ ബുദ്ധി മയങ്ങിപ്പോകാതിരിക്കാന്‍ അവിടുത്തെ ജോതിസ്സു നല്‍കണേ. പ്രാണനാഥാ! അവിടുത്തെ ശരീര മരണം കൊണ്ട്‌ എനിക്ക്‌ പരമജീവന്‍ അരുളിയ കൃപയ്ക്കായ്‌ വന്ദനം. പരിശുദ്ധമായ അവിടുത്തെ കൃപാനിയമരക്തത്താല്‍ എനിക്കു പരിശുദ്ധമായ നിത്യജീവന്‍ നല്കിയതുകൊണ്ട്‌ സ്തുതിക്കുന്നു. പുതിയ കൃപകളാല്‍ എന്റെ ഹൃദയം നിറയുന്നതിന്‌ കരുണചെയ്യണേ. പരദേശിയായ്‌ ഞാന്‍ പാര്‍ക്കുന്ന ഈ ഭവനത്തില്‍ എന്റെ ഗീതം അങ്ങയുടെ ചട്ടങ്ങളായിരിക്കും. (സങ്കീ.119:54).

 

 Download pdf
58238239 Hits    |    Powered by Oleotech Solutions