1.മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ മനുവേലേ ദൈവജാതാ!
നിനക്കീ വേദന വരുത്തിവച്ചതി നീചൻ ഞാനയ്യോ!
2.പരമനീതി എൻ ദുരിതത്താലെന്നെ അരിവാൻ നിന്നൊരു നേരം
പരമൻ നീ അതാൽ അരിയപ്പെട്ടീടാൻ ഇറങ്ങി വന്നല്ലോ!
3.മലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകം മൂലം
അലിഞ്ഞു നീ ശാപം തലയിൽ കൊണ്ടിടാൻ വലിമ വിട്ടല്ലോ
4.നന്ദികെട്ട ഈ നരരെ നരക ജ്വാലയിൽ നിന്നു നേടാൻ
മന്നവാ! തിരുപൊൻ കുരുതി നീ ചിന്തി നിന്നല്ലോ
5.ദൈവകോപത്തിൻ ദർശനം വിട്ടു പാപി ഞാനൊളിച്ചീടാൻ
സർവ്വ ലോകത്തിൻ നായകാ നിൻ വിലാവും വിണ്ടല്ലോ
6.മരിച്ചവർക്കമൃതായ് നിൻ ദേഹത്തെ നുറുക്കിയോ ജീവ നാഥാ
മുറിഞ്ഞുടഞ്ഞ നിൻ തിരുമെയ്യിൻ രക്തം ചൊരിഞ്ഞല്ലോ പാരിൽ
7.അരിഷ്ട പാപി നിൻ തിരു പുണ്യങ്ങളിൽ ശരണം വച്ചുവന്നയ്യോ!
തിരുപ്രതിമയാക്കഗതിയെ കൃപ നിറഞ്ഞ കർത്താവേ