Search Athmeeya Geethangal

60. ശ്രീനരപതിയേ! സീയോന്‍ 
Lyrics : K V Simon, Edayaranmula
ശ്രീനരപതിയേ! സീയോന്‍ മണവാളനേ!
നാശപാത്രമായ ലോകമാകെയുദ്ധരിപ്പതിന്നു
കന്യകയില്‍ ജാതനായ് വന്ന ശ്രീനരപതിയേ സീയോ.......
 
1   ആട്ടിയര്‍ കൂട്ടമായി വന്നനേരം
     കീറ്റുശീലയില്‍ കിടന്ന യേശുദേവാ
     പട്ടിനുള്ള മൂലവസ്തു സൃഷ്ടിചെയ്ത ദൈവമേയി-
     ക്ലിഷ്ടമാം കിടപ്പുകണ്ടു ഞാന്‍ നമിക്കുന്നേന്‍-
 
2   വന്നു മാഗര്‍ നിന്നടുക്കല്‍ ഭക്തിയോടെ
     പൊന്നു മൂരുകുന്തുരുക്കം കാഴ്ചവെച്ചു
     ഉന്നതാധികാരമുള്ള മന്നവന്‍ നീയെന്നതന്യര്‍
     സന്നമിച്ചു ഘോഷിക്കുന്നിതാ നിശ്ശങ്കമായ്-
 
3   പന്തിരണ്ടാം വയസ്സിങ്കലേശുവേ! നീ
     തന്തതള്ളയോടൊരുമിച്ചീശഗേഹം
     സമ്പ്രതിപതിച്ചവിടെക്കണ്ട ശാസ്ത്രിവര്യരോടു
     ധര്‍മ്മഭാഷണം നടത്തിയേ മോദിച്ചു നീ-
 
4   മുപ്പതാം വയസ്സില്‍ സ്നാനമേല്‍പ്പതിന്നു
     ത്വല്‍പ്പുരം വെടിഞ്ഞു യൂദ്യതന്നില്‍ വന്നു
     സ്വല്‍പ്പവും മടിച്ചിടാതെയൂര്‍ദ്ദിനാന്നൊഴുക്കിനുള്ളി-
     ലല്‍പ്പരാകും മര്‍ത്ത്യരെന്നപോല്‍ മജ്ജിച്ചൊരു-
 
5   നാല്‍പ്പതു നാളുപവസിച്ചിടവേ നീ
     താല്‍പ്പരിയത്തോടടുത്തു വൈരിയായോന്‍
     ദുഷ്ടമാം പ്രലോഭനത്തിനൊന്നുമേ വഴിപ്പെടാതെ
     നിഷ്ഠയാലാഘോരവൈരിയെ തോല്‍പ്പിച്ചൊരു-
 
6   കുഷ്ഠരോഗികള്‍ക്കു നല്ല സൗഖ്യമേകി
     ദൃഷ്ടിപോയവര്‍ക്കു ഭവാന്‍ കാഴ്ച നല്‍കി
     നഷ്ടജീവനായ ലാസര്‍ നാലുനാള്‍ കഴിഞ്ഞുയിര്‍ത്തു
     പുഷ്ടരായയ്യായിരം ജനം - അഞ്ചപ്പത്താല്‍
 
7   ദുഷ്കൃതമാം വിഷബാധ നീക്കുവാനായ്
     തക്കയാഗമായ് മരിച്ചു കുരിശില്‍ നീ
     ഇക്കഠിന പാപിയുടെയക്രമത്തിനുള്ള ശിക്ഷ
     നിഷ്കളങ്കം നീ വഹിച്ചതാല്‍ നമിക്കുന്നേന്‍-
 
8   എത്രകാലം ഞാനിവിടെ ജീവിച്ചിടും
     അത്രനാളും നിന്‍കൃപയെ ഞാന്‍ സ്തുതിക്കും
     അത്രിദിവ വാസികള്‍ക്കും ചിത്രമായ നിന്‍റെ നാമം
     ഉത്തരോത്തരം നിനയ്ക്കുവാന്‍ അരുള്‍ക നീ-
 
9   കാശുപോലും വിലയില്ലാ വിഷയത്തി-
     ലാശയെനിക്കിയലാതെ യേശുവേ! നിന്‍
     നാശമേശിടാത്ത ദേശമാശയോടുനോക്കി
     വിശുദ്ധാശയത്തോടീശനെ നിന്നില്‍ വേശിക്കണം
 

നരപതി-രാജാവ്‌. ശ്രീ-ഐശ്വര്യം. സീയോന്‍ മണവാളന്‍-സീയോന്റെ നാഥന്‍. ക്ലിഷ്ടം-ക്ലേശകരം. നമിക്കുന്നു-നമസ്ക്കരിക്കുന്നു. മാഗര്‍-വിദ്വാന്മാര്‍. മന്നവന്‍-രാജാവ്‌. നിശ്ശൂങ്കം-സംശയമില്ലാതെ. ഈശ ഗേഹം-ദൈവാലയം. ഗേഹം-വീട്‌. സംപ്രതിപതിച്ച്‌ - പ്രവേശിച്ച്‌. മോദിച്ചുംസന്തോഷിച്ചു. ത്വത്പുരം-നിന്റെ സ്ഥലം. മജ്ജിക്കുക൦മുങ്ങുക (സ്‌നാനപ്പെടുക). വൈരി-ശ്ര്രു (പിശാച്‌). (പലോഭനം-പരീക്ഷ. നിഷ്ഠംദൃദ്ദവിശ്വാസം. ഘോരം-ഭയങ്കരം. ദൃഷ്ടി-കണ്ണ്‌. നഷ്ട ജീവന്‍-മരിച്ചവന്‍. പുഷ്ടര്‍-പോഷിക്കപ്പെട്ട വര്‍. ദുഷ്കൃതം-പാപം. നിഷ്കരുണം-കരുണയില്ലാതെ. ത്രിദിവം-സ്വര്‍ഗ്ഗം. ഉത്തരോത്തരം-മേല്‍ക്കുമേല്‍. ഇയലുക-ഉണ്ടാവുക. വിഷയം-ലോകസുഖം. വേശിക്കണം-പ്രവേശിക്കണം.

ഐശ്വര്യ പൂര്‍ണ്ണനായ മഹാരാജാവേ! സീയോന്‍ മണവാളാ! നാശത്തിനധീനമായിരുന്ന ഈ മനുഷ്യവര്‍ഗ്ഗത്തെ എല്ലാം ഉദ്ധരിക്കുന്നതിന്‌ കനൃകയില്‍ ജനിച്ച അങ്ങയെ സ്തുതിക്കുന്നു. ആട്ടിടയര്‍ കൂട്ടമായി കാണാന്‍ വന്നപ്പോള്‍ അങ്ങു കീറ്റുശീലയിലാണു കിടന്നിരുന്നത്‌. പട്ടിന്റെ മുലവസ്തുക്കള്‍ നിര്‍മ്മിച്ചവനായ ദൈവമേ അങ്ങയുടെ ഈ ക്ലേശകരമായ കിടപ്പു കണ്ടിട്ട്‌ ഞാന്‍ നമസ്ക്കരിക്കുന്നു. വിദ്വാന്മാര്‍ ഭക്തിപൂര്‍വ്വം തിരുസന്നിധിയില്‍ വന്ന്‌ പൊന്ന്‌, മൂര്‌, കുന്തുരുക്കം ഇവ കാഴ്ചവെച്ചു. ഉന്നതാധികാരം ഉള്ള മന്നവന്‍ അങ്ങു മാത്രമാണെന്ന്‌ ആ ധന്യര്‍ ഘോഷിക്കുകയും നമസ്കരിക്കുകയും ചെയ്തു. പ്രന്തണ്ടാമത്തെ വയസ്സില്‍ അങ്ങു മാതാപിതാക്കളോടുകൂടെ യെരുശലേം ദേവാലയത്തിലേക്കു പോയി. അവിടെ പണ്ഡിതന്മാരോട്‌ അങ്ങു സന്തോഷപൂര്‍വ്വം ന്യായപ്രമാണത്തെപ്പറ്റി വാദപ്രതിവാദം നടത്തി. മുപ്പതാമത്തെ വയസ്സില്‍ സ്നാനമേല്ക്കുന്നതിനു സ്വന്ത ദേശം വിട്ടു യെഹൂദ്യയിലേക്കു പോയി. യോര്‍ദ്ദാനില്‍ സാധാരണ മനുഷ്യരെപ്പോലെ മുങ്ങി സ്നാനമേറ്റു. നാല്പതു ദിവസം ഉപവസിച്ചു. ആ സമയം സാത്താന്‍ താത്പര്യപൂര്‍വ്വം അടുത്തു വന്നു. സാത്താന്റെ പരീക്ഷകള്‍ക്ക്‌ ഒന്നിനും വഴിപ്പെടാതെ ദൃഡനിഷ്ഠയാല്‍ ആ ഭയങ്കര ശ്രതുവിനെ തോല്‍പിച്ചു. കുഷ്ഠരോഗികള്‍ക്കു സൌഖ്യം കൊടുത്തു. കുരുടര്‍ക്കു കാഴ്ച നല്‍കി. മരിച്ച ലാസറെ നാലുദിവസം കഴിഞ്ഞിട്ടും ഉയിര്‍പ്പിച്ചു. അഞ്ച പത്താല്‍ അയ്യായിരത്തെ പോഷിപ്പിച്ചു. പാപമാകുന്ന വിഷബാധ ഇല്ലാതാക്കുന്നതിനായി തക്ക യാഗമായി അവിടുന്നു കുരിശില്‍ മരിച്ചു. ഞാന്‍ ഇവിടെ ജീവിച്ചിരിക്കുന്ന കാലത്തോളം അവിടുത്തെ കൃപ ഓര്‍ത്ത്‌ സ്തുതിക്കും. സ്വര്‍ഗ്ഗ വാസികള്‍ക്കുപോലും ആശ്ചര്യജനകമായ അങ്ങയുടെ നാമം വീണ്ടും വീണ്ടും ധ്യാനിക്കുവാന്‍ സഹായിച്ചാലും. ഒരു കാശിനുപോലും വിലയില്ലാത്ത ലോക ഭോഗങ്ങളില്‍ എനിക്ക്‌ ആശ ഉദിക്കാതെ അനശ്വരമായ സ്വര്‍ഗ്ഗം നോക്കി വിശു ദ്ധാശയത്തോടുകൂടി അങ്ങയില്‍ വസിക്കുന്നതിന്‌ സഹായിക്കുക.


 Download pdf
58256164 Hits    |    Powered by Oleotech Solutions