Search Athmeeya Geethangal

58. എന്നാളും സ്തുതിക്കണം നാം-നാഥനെ 
Lyrics : K V Simon, Edayaranmula
എന്നാളും സ്തുതിക്കണം നാം-നാഥനെ
എന്നാളും സ്തുതിക്കണം നാം
വന്ദനം പാടി മന്നന്‍ മുന്‍കൂടി
മന്ദതയകന്നു തിരുമുന്നിലഭയമിരന്നു
 
1   മോദമായ് കൂടുക നാം-പരന്നു ബഹുനാദമായ് പാടുക നാം
     ഗീതഗണം തേടി നാഥന്നു നാം പാടി
     നാഥനാമവന്‍റെ തിരുനാമമേ ഗതിയായ് തേടി-
 
2   ശ്രേഷ്ഠഗുണദായകന്‍ അവന്‍ നിനയ്ക്കില്‍ ശിഷ്ടജനനായകന്‍
     സ്പഷ്ടം തിരുദാസര്‍ക്കിഷ്ടമരുളുവോന്‍
     കഷ്ടതയില്‍ നിന്നവരെ ധൃഷ്ടനായുദ്ധരിപ്പവന്‍-
 
3   തന്നെ സ്തുതിച്ചിടുന്നു ജനങ്ങള്‍പദം തന്നില്‍ പതിച്ചിടുന്നു
     മന്നവമന്നര്‍ പ്രസന്നരായ് വാഴ്ത്തുന്നു
     നന്ദിയോടവരേവരുമുന്നതനെ വണങ്ങുന്നു-
 
4   ദേവകളിന്‍ നാഥനെ സമസ്തലോക ജീവികളിന്‍ താതനെ
     ജീവന്നുറവായി മേവും പരേശനെ
     ജീവനുലകിന്നുദിപ്പാന്‍ സൂനുവെക്കൊടുത്തവനെ-
 
5   തന്‍നാമകീര്‍ത്തനം നാം തുടര്‍ന്നുചെയ്കിലെന്നും ദിവ്യാനന്ദമാം
     ഉന്നതന്‍ തന്നുടെ സന്നിധൗ നിന്നു നാം
     മന്നവനെ പുതുഗാനവന്ദനങ്ങളോടനിശം         
 

മന്നവന്‍-രാജാവ്‌, മോദം-സന്തോഷം, നാദം-ശബ്ദം, ഗീതഗണം-പാട്ടിന്റെ കൂട്ടം, നാടി-തേടിയിട്ട്‌, ശ്രേഷഠഗുണദായകന്‍-നല്ല ഗുണങ്ങള്‍ നദ്കുന്നവന്‍, ശിഷ്ടന്‍-നല്ലവന്‍, സ്പഷ്ടം-വ്യക്തമായി, ധൃഷ്ടന്‍-കഴിവുറ്റവന്‍, താതന്‍-പിതാവ്‌, പദം-കാല്‌, സുനു-പുത്രന്‍, സന്നിധ-സന്നിധിയില്‍, അനിശം-എല്ലായ്പോഴും.

ദൈവത്തെ നാം എന്നും സ്തുതിക്കണം. രാജാവായ ദൈവത്തിന്റെ തിരുമുമ്പില്‍ കൂടിയിട്ട്‌ മന്ദതയെല്ലാം അകറ്റി നിര്‍ഭയമായി ഇരുന്നു സ്തുതിക്കണം. സന്തോഷത്തോടുകൂടി വന്നിട്ട്‌ ഉച്ചത്തില്‍ പാടുക. ഗീതഗണം തേടി നാഥനു പാടി ദൈവനാമം തന്നെ ഗതിയായി തേടി നാം സ്തുതിക്കണം. ശ്രേഷ്ഠഗുണങ്ങള്‍ ദാനം ചെയ്യുന്ന അവന്‍ ശിഷ്ടന്മാരുടെ നായകനുമാണ്‌. തന്റെ ദാസന്മാരുടെ ഇഷ്ടം സാധിച്ചുകൊടുക്കുന്നവനും കഷ്ടതയില്‍നിന്നു ധൈര്യമായി അവരെ ഉദ്ധരിക്കുന്നവനുമാണ്‌. തന്നെ സ്തുതിക്കുന്ന ജനങ്ങള്‍ തൃപ്പാദത്തില്‍ വീഴുന്നു. രാജാധിരാജന്മാര്‍പോലും പ്രസന്നരായി ഉന്നതദൈവത്തെ വണങ്ങുന്നു. ദൈവദൂതന്മാരുടെ നാഥനും, ജീവജാലങ്ങളുടെ പിതാവും, ജീവന്റെ ഉറവയായിട്ടുള്ളവനും ലോകര്‍ക്ക്‌ നിത്യജീവന്‍ ലഭിക്കുവാന്‍ സ്വപുത്രനെ ദാനം ചെയ്തവനും ആയ സ്വര്‍ഗ്ലഗീയ പിതാവിനെ സ്തുതിക്കുക. അവന്റെ നാമം സദാ കീര്‍ത്തിക്കുന്നവന്‌ എന്നും ദിവ്യാനന്ദമാണ്‌. ഉന്നതനായ ദൈവത്തിന്റെ സന്നി ധിയില്‍നിന്ന്‌ എപ്പോഴും പുതുഗാനവന്ദനങ്ങളോടുതന്നെ സ്തുതിക്കണം.

        

 Download pdf
58258575 Hits    |    Powered by Oleotech Solutions