Search Athmeeya Geethangal

57. സന്തതം സ്തുതിചെയ്യുവിന്‍ പരനെ 
Lyrics : K V Simon, Edayaranmula
സന്തതം സ്തുതിചെയ്യുവിന്‍ പരനെ-        
ഹൃദി ചിന്തതെല്ലും കലങ്ങാതെ
സന്തതം സ്തുതിചെയ്യുവിന്‍ പരനെ-        
 
1   സന്തതം സ്തുതിചെയ്യുന്നതെന്തു നല്ലതവന്‍ ബഹു-
     ചന്തമെഴും നാഥനല്ലോ ബന്ധുരാഭന്‍ താന്‍
     ബന്ധുവായോരിവന്‍ സാലേ മന്തരംവിനാ പണിയു-
     ന്നന്ധരായ് ചിതറിയോരെ ഹന്ത! ശേഖരിച്ചിടുന്നു
 
2   അന്തരേ നുറുക്കമുള്ള സ്വന്തജനങ്ങളെയവ-
     നന്തികേ ചേര്‍ത്തണച്ചനുബന്ധനം ചെയ്യും
     അന്ധകാരേ വിളങ്ങുമന-നന്തതാരഗണങ്ങളിന്‍
     വന്‍തുകയെ ഗ്രഹിച്ചു പേരന്തരമെന്യേയിടുന്നു-
 
3   ശക്തിമാനവനധികം ബുദ്ധിമാനതിനാലവന്‍
     സത്വഗുണപ്രധാനനായ് സാധുജനത്തെ
     എത്രയുമുയര്‍ത്തി ദുഷ്ടമര്‍ത്ത്യരെ നിലംവരെയും
     താഴ്ത്തിടുന്നതിനാല്‍ വാദ്യയുക്തമാം സ്തുതികൊടുപ്പിന്‍
 
4   അംബുദനികരങ്ങളാലംബരമാകവേ മൂടീ-
     ട്ടന്‍പൊടു ഭൂമിക്കായ് മഴ ചെമ്മേയൊരുക്കി
     വന്‍മലയില്‍ പുല്ലണികള്‍ സംഭൃതമാക്കിജ്ജനാവ-
     ലംബനമായ് മൃഗപക്ഷിസഞ്ചയത്തെ പുലര്‍ത്തുന്നു-
 
5   ഇല്ല തെല്ലമേ പ്രസാദം നല്ല കുതിരയിന്‍ ബലം    
     മല്ലരിന്‍ ചരണങ്ങളെന്നുള്ളവ തന്നില്‍
     നല്ലപോല്‍ ഭയന്നു തന്‍റെ ഉള്ളിലിവന്നായ് പ്രതീക്ഷി-
     ല്ലലെന്യേ വസിപ്പവന്‍ തന്നിലത്രേയവന്‍ പ്രിയം-
 
6   ഉന്നതശാലേമേ സീയോന്‍ വന്‍നഗരമേ ജഗതാം
     മന്നവനെ സ്തുതിച്ചഭിവന്ദനം ചെയ്വിന്‍        
     നിന്നുടെ തഴുതുകളെ നന്നേയുറപ്പിച്ചിതവന്‍
     നിന്നകത്തുള്ള സുതരെയുന്നതനനുഗ്രഹിച്ചാന്‍-
 
7   നിന്നതിരില്‍ സമാധാനമൂന്നിയുറപ്പിച്ചു കോത-
     മ്പിന്നരുളാല്‍ തവ തൃപ്തിതന്നരുളിനാന്‍
     തന്നുടെ വചനം ദ്രുതം മന്നിലേക്കയച്ചു ഭസ്മ-
     സന്നിഭമായ് ഹിമംതൂകി പഞ്ഞിപോലതു ചിതറി-
 
8   എത്രയും ഘനീഭവിച്ചു രത്തഹിമക്കഷണങ്ങ-
     ളിദ്ധരയിലെറിയുമ്പോള്‍ മര്‍ത്ത്യനൊരുവന്‍
     ഉത്തമന്‍ തന്‍ കുളിരിന്‍ മുന്‍പൊത്തു നില്‍ക്കുമോ സ്വവാചാ
     അത്രയുമവന്‍ ദ്രവിപ്പിച്ചുല്‍സ്രുതജലങ്ങളാക്കും-
 
9   തന്നുടെ വചനം യാക്കോബിന്നുമവന്‍
     വിധി യിസ്രേലിന്നുമരുളുന്ന പരമോന്നതനേവം
     അന്യജാതിയോടു ചൊല്ലീട്ടില്ലയവന്‍ ന്യായമവ-
     രൊന്നുമറിയുന്നില്ലവന്നല്ലലുയ്യാ പാടിടുവിന്‍
 

സന്തതം-എല്ലായ്‌പ്പോഴും. ഹൃദി-ഹൃദയത്തില്‍. തെല്ലും-അല്പം പോലും. ചന്തം-ഭംഗി. ബന്ധുരം-മനോഹരം. ആഭ-ശോഭ. ബന്ധൂരാഭന്‍-സുന്ദരന്‍. അന്തരം-വൃത്യാസം. വിനാ-കൂടാതെ. അന്ധര്‍-കുരുടര്‍. ഹന്ത - ആശ്ചര്യം. അന്തരെ-ഹൃദയത്തില്‍. അന്തികെ-സമീപത്ത്‌. അനുബന്ധനം ചെയ്ക കൂട്ടിച്ചേര്‍ക്കുക. അനന്തം-സംഖ്യയില്ലാത്ത. താരഗണം- നക്ഷത്രക്കുട്ടം. സത്വഗുണം-ഉത്തമഗുണം. അംബുദം-മേഘം. നികരം-കൂട്ടം. അംബരം-ആകാശം. സംഭൃതമാക്കുക-സംഭരിച്ചുവയ്ക്കുക. അവലംബനം-ആശ്രയം. സഞ്ചയം-കൂട്ടം. ചരണം-കാല്‍. അല്ലല്‍-ദഃഖം. ജഗതാം-ലോകത്തിന്റെ. മന്നവന്‍-രാജാവ്‌. തഴുത് - ഓടാമ്പല്‍ (സാക്ഷ). സുതര്‍-മക്കള്‍. ദ്രുതം-വേഗം. മന്ന്‌-ഭൂമി. സന്നിഭം- തുല്യം. ഹിമം-മഞ്ഞ്‌. ഘനീഭവിച്ച-കട്ടിയായ. ഉരത്ത-വലിയ. ഇദ്ധര-ഈ ഭൂമി. സ്വവാചാ-സ്വന്തം വാക്കുകൊണ്ട്‌. ഉല്‍സ്രുതജലം-ഒഴുകുന്നവെള്ളം. ഏവം-ഇപ്രകാരം.

മഹോന്നതനായ ദൈവത്തെ എല്ലായ്പ്പോഴും സ്തുതിക്കുക. ലോകചിന്ത ഹൃദയത്തെ മഥിക്കാതെ നാഥനെ സ്തുതിക്കുക. എപ്പോഴും സ്തുതിക്കുന്നത്‌ ഉചിതമാണ്‌. അവന്‍ ശ്രേഷ്ഠനും സുന്ദരരൂപനുമാണ്‌. ബന്ധുവായ അവന്‍ നിസ്സംശയം ശാലേം പണിയുന്നതാണ്‌. ആന്ധരായി ചിതറിപ്പോയവരെ അവന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഹൃദയം തകര്‍ന്നവരെ അവന്‍ സമീപത്തുചേര്‍ത്തു അനുബന്ധി ക്കൂന്നു. ഇരുട്ടില്‍ പ്രകാശിക്കുന്ന അനന്തകോടി നക്ഷത്രങ്ങളുടെ തുക അറിയുകയും അതിനെല്ലാം പേരിടുകയും ചെയ്യുന്നു. ശക്തിമാനും ബുദ്ധിമാനും ആയ അവന്‍ സത്വഗുണ പ്രധാനനായി സജ്ജനത്തെ എത്രയും ഉയര്‍ത്തുന്നു. ദുഷ്ടരെ നിലത്തോളം താഴ്ത്തുന്നു. അവന്നു വാദ്യയുക്തമായ സ്തുതി കൊടു ക്കൂവിന്‍. ആകാശം കാര്‍മേഘത്താല്‍ മൂടി ഭൂമിയിലേക്കു മഴപെയ്യിക്കുന്നു. വന്‍മലകളില്‍ പുല്ല് സംഭരിക്കുന്നു. ജനങ്ങള്‍ക്ക്‌ അവലംബമായ മൃഗപക്ഷിഗണങ്ങളെ പുലര്‍ത്തുന്നു. കുതിരയുടെ ബലത്തിലോ മല്ലന്മാരുടെ കാലിന്റെ ശക്തി യിലോ അവനു ലേശവും പ്രസാദമില്ല. അവനെ ഭയപ്പെട്ട്‌ അവന്റെ ദയ പ്രതീക്ഷിച്ച്‌ അല്ലലില്ലാതെ ജീവീക്കുന്നവനിലാണ്‌ അവനു പ്രിയം. യെരുശലേമേ! സീയോന്‍ നഗരമേ! ലോകനാഥനെ സ്തുതിച്ചു അഭിവന്ദിക്കുക. അവന്‍ കതകുകളുടെ ഓടാമ്പല്‍ ഉറപ്പിച്ച്‌ അകത്തുള്ള മക്കളെ അനുഗ്രഹിക്കുന്നു. നിന്റെ അതിരില്‍ സമാധാനം ഉറപ്പിച്ച്‌ കോതമ്പു നല്കി നിനക്ക്‌ തൃപ്തി വരുത്തുന്നു. അവന്റെ വാക്കുകള്‍ ഭൂമിയിലേക്കുയച്ച്‌ ഭസ്മംപോലെ മഞ്ഞ്‌ പെയ്യിച്ച്‌ പഞ്ഞി പോലെ ചിതറിക്കുന്നു. മഞ്ഞുകട്ട ഭൂമിയിലേക്ക്‌ വര്‍ഷിക്കുമ്പോള്‍ ഏത്‌ മനുഷ്യന്‌ അവന്റെ തണുപ്പിനു മുമ്പില്‍ നില്ക്കാന്‍ സാധിക്കും? അവന്റെ വാക്കു കൊണ്ട്‌ മഞ്ഞുരുകി ജലം ഒഴുകുന്നു. അവന്റെ വചനം യാക്കോബിനും വിധി യിസ്രായേലിനും അരുളുന്നു. അന്യജാതിക്കാരോട്‌ അവന്‍ ഒരിക്കലും ഒരു ന്യായവും അരുളിച്ചെയ്തിട്ടില്ല.


 Download pdf
58239816 Hits    |    Powered by Oleotech Solutions