Search Athmeeya Geethangal

55. മാനുവേല്‍ മനുജസുതാ!-നിന്‍റെ 
Lyrics : K V Simon, Edayaranmula
മാനുവേല്‍ മനുജസുതാ!-നിന്‍റെ
മാനമേറും തൃപ്പദങ്ങള്‍ വണങ്ങി ഞങ്ങള്‍
മംഗളമോതിടുന്നിതാ-നിത്യം
മഹിമയുണ്ടായിടട്ടെ നിനക്കു നാഥാ!
 
1   ഏദനിലാദിമനുജര്‍-ചെയ്ത
     പാതകം പരിഹരിപ്പാന്‍ ഭൂതലേ വന്നു
     ക്രൂശതില്‍ മരിച്ചുയിര്‍ത്ത-നിന്‍റെ
     പേശലമാം ചരിതമെന്തതി വിപുലം!-
 
2   വന്‍പരുമനുനിമിഷം-പാടി
     കുമ്പിടുന്ന ഗുണമെഴുമധിപതിയെ
     ചെമ്പകമലര്‍ തൊഴുന്ന പാദമന്‍പിനോടെ
     നമിക്കുന്നു നമിക്കുന്നിതാ-
 
3   നീചരായ് ഗണിച്ചിരുന്ന-പേത്ര
     നാദിയായ ധീവരരെ ദിവ്യകൃപയാല്‍
     ശേഷി കൊണ്ടലങ്കരിച്ചു-പരം
     പ്രേഷണം ചെയ്തവനിയില്‍ ഗുരുക്കളായ് നീ-
 
4   വന്ദനം പരമഗുരോ! നിന്‍റെ
     നന്ദനീയമാം ഗുണങ്ങളുരപ്പതാമോ?
     ചന്ദനം പുഴുകിവയെക്കാളും
     തോന്നിടുന്നു നിന്‍ചരിതം സുരഭിയായി
 
5   അല്‍പ്പമാമുപകരണം-കൊണ്ടു
     നല്‍പെഴുന്ന മഹത്തായ വേലകള്‍
     ശില്‍പികള്‍ക്കുടയവനേ! നീയേചില്‍പ്പു-
     രുഷന്‍ ചിരന്തന! നമസ്കാരം ചെയ്യും-
 
6   കഷ്ടതയുടെ നടുവില്‍ - ഞങ്ങള്‍
     പെട്ടുഴന്നു വലയുന്നുണ്ടാകയാല്‍ ദേവാ!
     തൊട്ടു നിന്നോമനക്കൈയാല്‍-പരം
     ചുട്ടുനീറും മനസ്സിനെ തണുപ്പിക്കണേ
 
7   സ്ഫീതമാം കരിമുകിലേ!-സാധു
     ചാതകങ്ങളാണു ഞങ്ങള്‍ നീ തരുന്നൊരു
     ശീകരമനുഭവിച്ചു-സര്‍വ്വ
     ശോകവും ശമിപ്പിക്കുവാന്‍ കൃപ ചെയ്യണേ-
 
8   ആശയുമനുസൃതിയും-സ്നേഹ
     പാശബന്ധം വിനയവും വിമലതയും
     ദാസരില്‍ വളര്‍ത്തണമേ-നിത്യം
     യേശുനാഥാ! നമസ്കാരം, നമസ്കാരമേ.       
 

മാനുവേല്‍- ക്രിസ്തു. മനുജസുതന്‍-മനുഷ്യപു(തന്‍. തൃപ്പാദം-തൃക്കാല്‍. പാതകം-തെറ്റ്‌. പേശലം-മനോഹരം. വിപുലം-വലുത്‌ (ശ്രേഷ്ഠം). അനുനിമിഷം-മാത്രതോറും. ചമ്പകമലര്‍-ചമ്പകപ്പൂവ്‌. നീചര്‍-താണവര്‍. പ്രേതന്‍-പത്രോസ്‌. ധീവരര്‍-മുക്കുവര്‍. പ്രേഷണം ചെയ്ക-അയയ്ക്കുക. അവനി-ഭൂമി. നന്ദനീയം-സന്തോഷിക്കത്തക്കത്‌. പുഴുക്-സുഗന്ധ്ദരവ്യം (വെരികിന്‍ പുഴുക്‌). സുരഭി-മണമുള്ളത്‌. ശില്പി-പണിക്കാരന്‍. ചില്‍പ്പുരുഷന്‍-ദൈവം (പരമാത്മസ്വരൂപന്‍). ചിരന്തനന്‍-പണ്ടേയുള്ളവന്‍ (ദൈവം). സ്ഫീതം- വീങ്ങിയ. കരിമുകില്‍-കാര്‍മേഘം. ചാതകം-വേഴാമ്പല്‍. സാധു-എളിയ. ശീകരം-മഴത്തു ളി. ശോകം-ദുഃഖം. അനുസൃതി-അനുസരണം. പാശബന്ധം-കയറുകൊണ്ടുള്ള കെട്ട്‌. വിമലത-പരിശുദ്ധി.

മാനുവേലേ, മനുഷ്യസുതാ! അങ്ങയുടെ മഹനീയ പാദങ്ങള്‍ വണങ്ങി ഞങ്ങള്‍ മംഗളം ആശംസിക്കുന്നു. അവിടുത്തേക്ക്‌ എന്നും മഹിമ ഉണ്ടായിരി ക്കട്ടെ. ആദിമനുഷ്യരായ ആദംഹവ്വമാര്‍ ഏദനില്‍വച്ചു ചെയ്ത പാപം പരിഹ രിക്കുന്നതിനായി മനുഷ്യനായി അങ്ങു ഭൂമിയിലേക്കു വന്നു കുരിശില്‍ മരിച്ചു യിര്‍ത്ത അവിടത്തെ ചരിതം എത്രയോ വിചിത്രമാണ്‌. മഹാന്മാര്‍ പോലും അനു നിമിഷം കുമ്പിടുന്ന അവിടുത്തെ തൃപ്പാദങ്ങള്‍ ഞാന്‍ നമിക്കുന്നു.

നീചരായി ഗണിച്ചിരുന്ന പത്രോസ്‌ ആദിയായ മുക്കവരെ അങ്ങ്‌ ദിവ്യകൃപയാല്‍ കഴിവുള്ളവരാക്കിത്തീര്‍ത്തു സുവിശേഷ പ്രഭാഷണത്തിനായി ഗുരുക്കളായി ലോകത്തിലെല്ലാം അയച്ചു. അങ്ങയുടെ നിസ്തുല ഗുണങ്ങള്‍ ആര്‍ക്കു വിവരിക്കാന്‍ സാധിക്കും? ചന്ദനം, പുഴുക്‌ തുടങ്ങിയ സുഗന്ധവസ്തുക്കളെ ക്കാളും അവിടുത്തെ ചരിത്രം സുരഭിലമാണ്‌. നിസ്സാര ഉപകരണംകൊണ്ട്‌ മഹ ത്തായ വേലകള്‍ ചെയ്യുന്ന ശില്പികളുടെ ഉടയവനും പരമാത്മസ്വരൂപനും, പുരാതനനും ആണ്‌ അങ്ങ്‌. കഷ്ടതയുടെ നടുവില്‍പെട്ടു വലയുന്ന ഞങ്ങളെ അവിടുത്തെ ഓമന കൈകൊണ്ട്‌ തൊട്ട്‌ ചൂട്ടുനീറുന്ന മനസ്സിനെ തണുപ്പിക്കണേ.

അല്ലയോ മഴമേഘമേ! ഞങ്ങള്‍ വേഴാമ്പലുകളാണ്‌. നീ തരുന്ന ജലകണം കുടിച്ച്‌ ദാഹം ശമിപ്പിക്കുവാന്‍ കാത്തിരിക്കുകയാണ്‌. (വേഴാമ്പല്‍ മേഘത്തില്‍നിന്നും താഴേക്കു വരുന്ന മഴത്തുള്ളി കൂടിച്ചാണു ദാഹശമനം വരുത്തു ന്നത്‌ എന്നു കവിസങ്കല്പം). ആശയും അനുസരണയും സ്നേഹപാശത്താ ലുള്ള ബന്ധനവും, വിനയവും, വിശുദ്ധിയും ഈ ദാസരില്‍ വളര്‍ത്തേണമേ.


 Download pdf
58258538 Hits    |    Powered by Oleotech Solutions