Search Athmeeya Geethangal

303. യേശുവിന്‍ സ്നേഹത്താലെന്നുള്ളം 
യേശുവിന്‍ സ്നേഹത്താലെന്നുള്ളം പൊങ്ങുന്നേ
തന്‍സ്നേഹമാധുര്യം ചിന്താതീതമത്രേ
ഹാ എത്ര ആഴമേ യേശുവിന്‍ സ്നേഹമേ
ആയതിന്‍ ധ്യാനമെന്‍ ജീവിതഭാഗ്യമേ
 
1   ലോകസ്ഥാപനം മുമ്പെന്നെയും കണ്ടല്ലോ
     ലോകത്തില്‍ വന്നു തന്‍ ജീവനെ തന്നല്ലോ
     എത്രയോ ശ്രേഷ്ഠമാം സ്വര്‍ഗ്ഗീയ വിളിയാല്‍
     എന്നെയും യോഗ്യനായെണ്ണിയ സ്നേഹമേ-
 
2   കര്‍ത്താവാം കുഞ്ഞാട്ടിന്‍ കല്യാണനാളതില്‍
     കാന്തയായ് തന്‍മുമ്പിലെന്നെയും നിര്‍ത്തുവാന്‍
     ഘോരമാം പാടുകള്‍ ക്രൂരരാം യൂദരാല്‍
     കാരണമില്ലാതെ സഹിച്ച സ്നേഹമേ
 
3   സീയോനിലെനിക്കായ് മൂലക്കല്ലാകുവാന്‍
     സീയോനിലെന്നെയും ചേര്‍ത്തു പണിയുവാന്‍
     സ്വര്‍ഗ്ഗീയതാത നിന്‍വേലയും തികച്ചു
     സ്വര്‍ഗ്ഗീയശില്‍പ്പിയാം യേശുവിന്‍ സ്നേഹമേ-
 
4   അത്ഭുതസ്നേഹമാം സ്വര്‍ഗ്ഗീയ ദാനത്താല്‍
     സമ്പൂര്‍ണ്ണനാക്കിടും എന്നെയും തന്നേപ്പോല്‍
     ശത്രുവാമെന്നെയും തന്‍ സ്വന്തമാക്കിയ
     സ്നേഹസ്വരൂപ നിന്‍ അതുല്യസ്നേഹമെ-
 
5   ജീവകിരീടവും ജ്യോതിയാം വസ്ത്രവും
     നീതിയിന്‍ ചെങ്കോലും ധരിച്ചുവാഴുവാന്‍
     മുള്‍മുടി ധരിച്ചു നിന്ദയും സഹിച്ചു
     മന്നാധി മന്ന നിന്‍ മാറാത്ത സ്നേഹമേ
 
6   വീണ്ടെടുപ്പിന്‍ ഗാനം പാടും ഞാന്‍ സീയോനില്‍
     വിണ്‍ദൂതര്‍ക്കും പാടാന്‍ അസാദ്ധ്യമേയത്
     കാല്‍വറി ഗിരിയില്‍ കാല്‍കരം തുളച്ച
     മന്നാധിമന്ന നിന്‍ മാറാത്ത സ്നേഹമേ-

 Download pdf
33907351 Hits    |    Powered by Revival IQ