Search Athmeeya Geethangal

886. മേലിലുള്ളെരൂശലേമേ! കാലമെല്ലാം 
Lyrics : K.V.S
1   മേലിലുള്ളെരൂശലേമേ! കാലമെല്ലാം കഴിയുന്ന
     നാളിലെന്നെ ചേര്‍ക്കണേ നിന്‍ കൈകളില്‍-നാഥാ!
     ലളിതകൃപയുടെ വരിഷമനുദിനമനുഭവി-
     പ്പതിനരുളണേ സഭയാകുമീ പുഷ്പമാം സാധു നൈതലില്‍-നിന്‍റെ
     പാലനമല്ലാതെയെന്തിപ്പൈതലില്‍ ?
 
2   ഹാ! കലങ്ങള്‍ക്കിടയില്‍ നീ ആകുലയായ് കിടന്നാലും
     നാകനാഥന്‍ കടാക്ഷിക്കും നിന്‍റെ മേല്‍-കാന്തന്‍
     പ്രേമരസമതു ഭവിയുടെ മനമാശു തന്നിലൊഴിക്കവേ-പര
     മാത്മചൈതന്യം ലഭിക്കുമാകയാല്‍-നീയും
     വാനലോകേ പറന്നേറും പ്രാവുപോല്‍
 
3   ബാലസൂര്യകാന്തികോലും ചേലെഴും ചിറകിനാല്‍ നീ
     മേലുലകം കടക്കുന്ന കാഴ്ചയെ-പോരാ
     കനകമണിവൊരുഗണിക സുതരൊടു സഹിതമാഴിയിലാണിടും തവ
     ബാബിലോണ്‍ ശിക്ഷയാം ഘോരവീഴ്ചയെ-കാണ്മാന്‍
     ബാലനിവന്നേകണം നിന്‍ വേഴ്ചയെ
 
4   ആയിരമായിരം കോടി വാനഗോളങ്ങളെ താണ്ടി
     പ്പോയിടും നിന്മാര്‍ഗ്ഗമൂഹിക്കാവതോ?-കാണും
     ഗഗനതലമതു  മനുജഗണനയുമതിശയിച്ചുയരും വിധൌ-തവ
     ഭാഗ്യമഹിമയെ വാഴ്ത്താനാവതോ? - സൗഖ്യം
     ലേശമെങ്കിലുമുരപ്പാന്‍ നാവിതോ?
 
5   വെണ്മയും ചുമപ്പു പച്ച മഞ്ഞ നീലം ധൂമ്രമെന്നീ
     വര്‍ണ്ണഭേദങ്ങളാല്‍ നിഴല്‍ നല്‍കിയേ-ജ്യോതിര്‍
     മണ്ഡലങ്ങളിലമരുമവരുടെ വന്ദനം ജയഘോഷമെന്നിവ
     മണ്ഡനമായ് തന്നു നിനക്കംബികേ! -വാനം
     നിന്നെയുപചരിച്ചിടും ധാര്‍മ്മികേ!
 
6   ഹാ! മണവറയ്ക്കടത്തു നീയണയും സമയത്തു
     ശ്രീമഹാരാജ്ഞിയേ! നിന്നെക്കാണുവാന്‍- സ്വര്‍ഗ്ഗ
     കാമിനീഗണമമിതകുതുകമൊടാദരാലരികേ വരും തവ
     കൈകളെ കാന്തന്‍ പിടിക്കും മോദവാന്‍-നിത്യ
     സ്നേഹഭവനത്തിനുള്ളില്‍ പൂകുവാന്‍
 
7   നിന്മുഖത്തുനിന്നു തൂകും നന്മധുപൂരത്തിലംബേ!
     മുങ്ങി ലയിക്കുന്നു ദിവ്യജ്ഞാനികള്‍-നിന്‍റെ
     നന്‍മൊഴിക്കരികണയുവതിനൊരു നവ്യമായ സയന്‍സുമില്ലതു
     സമ്മതിക്കുന്നജ്ഞരല്ലാപ്രാണികള്‍ -തെല്ലു
     മുണ്മയറിയുന്നതില്ലേ മാനികള്‍
 
8   നിന്‍ മഹിമയോതുവതിന്നിന്നരന്നു സാദ്ധ്യമല്ലേ
     പൊന്നുപുതുവാനഭൂമി വന്നിടും-അതേ
     മണ്ണില്‍ വീണു മറഞ്ഞുപോയവര്‍ പിന്നെയും പുതുതാമുടല്‍ ധരി-
     ച്ചുന്നതജീവനെയാണ്ടു നിന്നിടും-നാളില്‍
     നിന്നിലടിയന്‍ ലയിച്ചുചേര്‍ന്നിടും
 
9   സത്യമാതാവായെനിക്കിങ്ങുത്തമേ നീ മാത്രമല്ലോ
     നിത്യനേശുക്രിസ്തുരാജനെന്നുമേ-സര്‍വ്വ
     ദു:ഖവും നിജതൃക്കടാക്ഷമതൊന്നു കൊണ്ടകലത്തകറ്റിടു-
     മുള്‍ക്കനിവേറും പിതാവാണിന്നുമേ-മമ
     സ്വര്‍ഗ്ഗപിതാവിന്‍റെ നാമം ധന്യമേ-          

 Download pdf
33907147 Hits    |    Powered by Revival IQ