Search Athmeeya Geethangal

885. മഞ്ഞുകാലം കഴിഞ്ഞിപ്പോള്‍  
Lyrics : K.V.S.
ഉത്തമഗീതം 2:10-14, രീതി: മേലിലുള്ളെരൂശലേമേ
 
1   മഞ്ഞുകാലം കഴിഞ്ഞിപ്പോള്‍ മാഞ്ഞു മഴയിന്‍ പ്രഭാവം
     കുഞ്ജരഗാമിനീ ദിവ്യസുന്ദരീ!-നിന്‍റെ
     മഞ്ജുവാമുടലഞ്ജനത്തിനു തുല്യമായിരുളാതിരിപ്പതി-
     നെന്‍ ജനം വാഴ്ത്തിടും പ്രേമവന്‍ദരീ-എഴു-
     ന്നെന്നോടുകൂടെ വാ ധര്‍മ്മ മഞ്ജരി
 
2   പുഷ്പപൂര്‍ണ്ണമായ് വിളങ്ങും തല്‍പമെന്നപോലെ ഭൂമി-
     യിപ്പഴേ കാണുന്നു സ്വര്‍ഗ്ഗഭാമിനീ-പോക്കില്‍
     കല്‍പശാഖിയിലുത്ഭവിച്ചു വിടര്‍ന്ന ദിവ്യസുമങ്ങളാം പരി-
     ശുദ്ധരെ കണ്ടിടാം ദൈവകാമിനീ-നിന്നാ-
     ലെപ്പോഴെത്തും വസതിയില്‍ നാമിനി
 
3   പക്ഷികളിന്‍ ഗാനമന്തരീക്ഷമെങ്ങും മുഴങ്ങുന്നു
     ശിക്ഷയായി കുറുപ്രാവിന്‍ ശബ്ദവും-ലോക-
     രക്ഷണത്തിനു ശക്തമെന്ന വിധത്തിലാദരവാര്‍ന്നു വന്നിഹ
     കക്ഷിമത്സരം വെടിഞ്ഞു സര്‍വ്വരും-നാട്ടില്‍
     പക്ഷമായ് കേള്‍ക്കുന്നു മോദം നിത്യവും-
 
4   അത്തിമരത്തിന്‍റെ കായ്കള്‍ വ്യക്തമായ് പഴുത്തിടുന്നു
     ഗോസ്തനീ വല്ലികള്‍ പൂത്തുവീശുന്നു-ഗന്ധം
     സ്വസ്ഥരെങ്കിലുമീപ്രപഞ്ചരസം ശ്വസിച്ചുണര്‍വറ്റുപോയൊരു
     ശിഷ്ടരിന്‍ നാസികാഗ്രത്തിലേശുന്നു-അവര്‍
     ലബ്ധജീവരായ് സുവാര്‍ത്ത പേശുന്നു
 
5   രംഭിതേ! സുന്ദരീ! സാക്ഷാല്‍ സംഭരിതാനന്ദപൂര്‍ണ്ണ-
     കുംഭമേ!യെഴുന്നു വരികിന്നയേ! സാത്താന്‍ സംഭ്രമിച്ചുടനോടിടും പടി
     വന്‍പടയ്ക്കനുരൂപ ധാടിയിലുമ്പരാല്‍ വന്ദിതേ!
     നീക്കു നിന്ദയെ-ലോകം നിന്‍ പദത്തില്‍ കുമ്പിടുമാറെന്‍ പ്രിയേ!-
 
6   പാറയിന്‍ വിടവിലും വന്‍ കേണിയിന്‍ മറവിലും ഹാ!
     വാണിരിക്കും പ്രാവുപോലുള്ളെന്‍ പ്രിയേ!-ധൈര്യം
     മാറിടാതിഹ മനുജരവരുടെ മുമ്പിലും തിറമായി നില്‍പൊരു
     മാനമേറും മുഖം കാണിച്ചെന്‍ ഗൃഹേ-നിന്നെ
     കാണുമാറാകണം മഹിമാന്വിതേ!
 
7   നിന്‍മുഖത്തെ കണ്ടുകൊണ്ടും നിന്‍സ്വരം ഞാന്‍ കേട്ടുകൊണ്ടും
     നിന്‍റെ പേര്‍ക്കനുഭവിച്ച പാടുകള്‍-എന്‍റെ
     പൊന്നുജനകനു പുതിയ സുധയതുപോല്‍ പ്രിയം കലരുവാറഹ-
     മെന്‍സുതര്‍ക്കായ് സഹിച്ചുള്ള നോവുകള്‍-മറ-
     ന്നിനിയും കഴിച്ചിടുമെന്‍ നാളുകള്‍-

 Download pdf
33907220 Hits    |    Powered by Revival IQ