Search Athmeeya Geethangal

338. ചൊല്ലാമേ സ്തുതി വല്ലഭനേ 
Lyrics : K.J.G.
രീതി: കര്‍ത്താവെ ജയസത്യാരാമമെ
         
ചൊല്ലാമേ സ്തുതി വല്ലഭനേശുവിന്ന്
വല്ലഭന്‍റെ നല്ല നാമമേറ്റു ചൊല്ലൂ നമ്മളിന്നു
 
1   സര്‍വ്വം ചമച്ചവന്‍ പുല്ലില്‍ക്കിടന്നു
     കീറത്തുണിത്തുണ്ടില്‍ മാതാവിന്‍ ചാരേ
     ദൈവത്തിന്‍ സൂനുവെക്കണ്ടു വിദ്വാന്മാര്‍
     കാഴ്ചകളര്‍പ്പിച്ചു തന്‍സ്തുതി ചെയ്തല്ലോ-
 
2   ദ്വാദശപ്രായത്തിലേശു മഹേശന്‍
     വേദവെളിവോടങ്ങാലയം പൂകി
     വേദത്തിന്‍ സാരത്തെ ജ്ഞാനത്തോടോതി
     വേദജ്ഞരാദരം കാട്ടിയേ തന്മുമ്പില്‍-
 
3   യേശുവിന്‍ സ്നാനം നടന്നോരു നേര-
     ത്താകാശേ നിന്നീശ ശബ്ദമുതിര്‍ന്നു
     ദൈവത്തിന്‍ പ്രീതി തന്‍ പുത്രനില്‍ മാത്രം
     ഏവരും തന്‍ മൊഴി കേള്‍ക്കുക യോഗ്യമാം-
 
4   നീതിയിന്‍ നേര്‍വഴി പാപിയെക്കാട്ടാന്‍
     പാപം വഹിച്ചേശു ക്രൂശിന്മേലേറി
     ശാപത്തിലാണ്ടോരിന്‍ വീണ്ടെടുപ്പായി
     ജീവനില്‍ താനുയിര്‍ത്തുന്നതേ വാഴുന്നു-
 
5   പാപത്തിന്‍ ശിക്ഷ കൊടുപ്പോരു ദൈവം
     മോചനം തന്നതോ തന്‍ നിണം മൂലം
     ജീവന്‍ പകര്‍ന്ന തന്‍ ചോരയാലെന്നും
     ശുദ്ധി ലഭിച്ചവര്‍ തന്‍ സ്തുതി ചെയ്യണം
 
6   താതന്‍ തന്‍വാസസ്ഥലത്തു നമുക്കായ്
     വീടുകള്‍ തീര്‍ത്തിട്ടു വേഗം വരുന്നോ-
     രേശുവിന്‍ മുന്നിലന്നേവരും വീഴും
     കര്‍ത്തന്‍ താനേശുവെന്നെല്ലാരും ചൊല്ലുമേ-

 Download pdf
33907298 Hits    |    Powered by Revival IQ