Search Athmeeya Geethangal

57. സന്തതം സ്തുതിചെയ്യുവിന്‍ പരനെ 
Lyrics : K V Simon
147-ാം സങ്കീര്‍ത്തനം
 
          സന്തതം സ്തുതിചെയ്യുവിന്‍ പരനെ-        
          ഹൃദി ചിന്തതെല്ലും കലങ്ങാതെ
          സന്തതം സ്തുതിചെയ്യുവിന്‍ പരനെ-        
 
1   സന്തതം സ്തുതിചെയ്യുന്നതെന്തു നല്ലതവന്‍ ബഹു-
     ചന്തമെഴും നാഥനല്ലോ ബന്ധുരാഭന്‍ താന്‍
     ബന്ധുവായോരിവന്‍ സാലേ മന്തരംവിനാ പണിയു-
     ന്നന്ധരായ് ചിതറിയോരെ ഹന്ത! ശേഖരിച്ചിടുന്നു
 
2   അന്തരേ നുറുക്കമുള്ള സ്വന്തജനങ്ങളെയവ-
     നന്തികേ ചേര്‍ത്തണച്ചനുബന്ധനം ചെയ്യും
     അന്ധകാരേ വിളങ്ങുമന-നന്തതാരഗണങ്ങളിന്‍
     വന്‍തുകയെ ഗ്രഹിച്ചു പേരന്തരമെന്യേയിടുന്നു-
 
3   ശക്തിമാനവനധികം ബുദ്ധിമാനതിനാലവന്‍
     സത്വഗുണപ്രധാനനായ് സാധുജനത്തെ
     എത്രയുമുയര്‍ത്തി ദുഷ്ടമര്‍ത്ത്യരെ നിലംവരെയും
     താഴ്ത്തിടുന്നതിനാല്‍ വാദ്യയുക്തമാം സ്തുതികൊടുപ്പിന്‍
 
4   അംബുദനികരങ്ങളാലംബരമാകവേ മൂടീ-
     ട്ടന്‍പൊടു ഭൂമിക്കായ് മഴ ചെമ്മേയൊരുക്കി
     വന്‍മലയില്‍ പുല്ലണികള്‍ സംഭൃതമാക്കിജ്ജനാവ-
     ലംബനമായ് മൃഗപക്ഷിസഞ്ചയത്തെ പുലര്‍ത്തുന്നു-
 
5   ഇല്ല തെല്ലമേ പ്രസാദം നല്ല കുതിരയിന്‍ ബലം    
     മല്ലരിന്‍ ചരണങ്ങളെന്നുള്ളവ തന്നില്‍
     നല്ലപോല്‍ ഭയന്നു തന്‍റെ ഉള്ളിലിവന്നായ് പ്രതീക്ഷി-
     ല്ലലെന്യേ വസിപ്പവന്‍ തന്നിലത്രേയവന്‍ പ്രിയം-
 
6   ഉന്നതശാലേമേ സീയോന്‍ വന്‍നഗരമേ ജഗതാം
     മന്നവനെ സ്തുതിച്ചഭിവന്ദനം ചെയ്വിന്‍        
     നിന്നുടെ തഴുതുകളെ നന്നേയുറപ്പിച്ചിതവന്‍
     നിന്നകത്തുള്ള സുതരെയുന്നതനനുഗ്രഹിച്ചാന്‍-
 
7   നിന്നതിരില്‍ സമാധാനമൂന്നിയുറപ്പിച്ചു കോത-
     മ്പിന്നരുളാല്‍ തവ തൃപ്തിതന്നരുളിനാന്‍
     തന്നുടെ വചനം ദ്രുതം മന്നിലേക്കയച്ചു ഭസ്മ-
     സന്നിഭമായ് ഹിമംതൂകി പഞ്ഞിപോലതു ചിതറി-
 
8   എത്രയും ഘനീഭവിച്ചു-ത്തരഹിമക്കഷണങ്ങ-
     ളിദ്ധരയിലെറിയുമ്പോള്‍ മര്‍ത്ത്യനൊരുവന്‍
     ഉത്തമന്‍ തന്‍ കുളിരിന്‍ മുന്‍പൊത്തു നില്‍ക്കുമോ സ്വവാചാ
     അത്രയുമവന്‍ ദ്രവിപ്പിച്ചുല്‍സ്രുതജലങ്ങളാക്കും-
 
9   തന്നുടെ വചനം യാക്കോബിന്നുമവന്‍
     വിധി യിസ്രേലിന്നുമരുളുന്ന പരമോന്നതനേവം
     അന്യജാതിയോടു ചൊല്ലീട്ടില്ലയവന്‍ ന്യായമവ-
     രൊന്നുമറിയുന്നില്ലവന്നല്ലലുയ്യാ പാടിടുവിന്‍

 Download pdf
33906822 Hits    |    Powered by Revival IQ