Search Athmeeya Geethangal

908. എന്മനസ്സുയരുന്നഹോ! നന്മയേറും  
Lyrics : K.V.S
സങ്കീര്‍ത്തനം 45
         
എന്മനസ്സുയരുന്നഹോ! നന്മയേറും വചനത്താല്‍
ചിന്മയരാജനെക്കുറിച്ചു-പാടിയ കഥ ചെമ്മയോടറിയിച്ചിടുന്നു
 
1   ലേഖകന്‍റെ വേഗമേറും ലേഖനി താനെന്‍റെ ജിഹ്വ
     ലോകപാലക! നീയെത്രയും നരസുതരിലാകവേ സുന്ദരനാകുന്നു-
 
2   നിന്നധരങ്ങളില്‍ കൃപമന്നനേ സംക്രമിക്കുന്നു
     ഉന്നതനാം ദേവനതിനാല്‍ നിന്നെയങ്ങഹോ! എന്നുമാശീര്‍വ്വദിച്ചിടുന്നു-
 
3   ശൂരനേ! നിന്‍വാളരയ്ക്കു വീര്യമഹിമയോടൊത്തു
     ചാരുതരമായ് ബന്ധിച്ചിട്ടു നീതി സൗമ്യത നേരിവയാല്‍ മഹത്ത്വത്തോടു
 
4   വാഹനമേറുക തവ വാമേതരമായ ബാഹു
     ഭീമസംഗതികള്‍ നിനക്കു പറഞ്ഞുതരും ആഹവ വിഷയമായഹോ!-
 
5   വൈരികളിന്‍ ഹൃത്തടത്തില്‍ പാരമാം മൂര്‍ച്ചയുള്ള നിന്‍
     ക്രൂരശരങ്ങള്‍ തറച്ചിടും ശത്രുഗണങ്ങള്‍ വീണടിപെടും നിന്‍സന്നിധൗ-
 
6   നിന്നുടെ സിംഹാസനമോ എന്നുമുള്ളതത്രേ ചെങ്കോല്‍
     മന്നവ, നേരുള്ളതാണഹോ! നീതിയെഴും നീ ദുര്‍ന്നയത്തെ സഹിക്കാ ദൃഢം
 
7   തന്നിമിത്തം തവ നാഥന്‍ നിന്നുടെ കൂട്ടുകാരേക്കാള്‍
     നിന്നെയാനന്ദ തൈലംകൊണ്ട് അധികമായി നന്ദിയോടു ചെയ്തഭിഷേകം-
 
8   ദന്തീദന്തംകൊണ്ടുള്ളതാം ചന്തമാം രാജധാനിയില്‍
     സ്വാന്തമോദം വരുത്തുന്നല്ലൊ നിനക്കനിശം കമ്പിവാദ്യങ്ങളിന്‍ നിസ്വനം-
 
9   നിന്നുടെ കഞ്ചുകമാകെ മന്നനെ മൂറും ലവംഗം
     ചന്ദനമിവയാല്‍ നല്ലൊരു മണം പരത്തി മന്ദിരം സുഗന്ധമാക്കുന്നു-
 
10 ആമോദമാനസനാമെന്‍ ശ്രീമഹീപാലകമണേ!
     രാജകുമാരികള്‍ നിന്നുടെ സുമുഖികളാം വാമമാര്‍ നടുവിലുണ്ടഹോ!-
 
11 നിന്നുടെ വലത്തോഫീറിന്‍ പൊന്നണിഞ്ഞും കൊണ്ടു രാജ്ഞി
     നിന്നിടുന്നല്ലയോ സാധ്വീ! നീ നോക്കുകെന്‍മൊഴി-
     ക്കിന്നു ചായിക്ക നിന്‍ കാതുകള്‍-
 
12 താതഗൃഹം സ്വജനമിത്യാദികള്‍ സ്മരിക്ക വേണ്ടാ
     പ്രീതനാകും നിന്നഴകിനാല്‍ രാജനപ്പോഴേ നീയവനെ നമിച്ചിടുക-
 
13 തീറുവിന്‍ ജനങ്ങളന്നു സാരമാം കാഴ്ചകളോടു
     കൂടവേ വരും സവിധേ നിന്‍മുഖശോഭ തേടുമക്കുബേര പൂജിതര്‍-
 
14 അന്ത:പുരത്തിലെ രാജ്ഞി ചന്തമെഴും ശോഭമൂലം
     എന്തു പരിപൂര്‍ണ്ണയാം അവളണിയും വസ്ത്രം പൊന്‍കസവുകൊണ്ടു ചെയ്തതാം-
 
15 രാജസന്നിധിയിലവള്‍ തോഴിമാരോടൊന്നു ചേര്‍ന്നു
     രാജകീയ വസ്ത്രമേന്തിയേ കൊണ്ടു വരപ്പെട്ടിടുമന്നാ വേളിനാളതില്‍-
 
16 സന്തോഷോല്ലാസങ്ങളോടു ദന്തനിര്‍മ്മിതമാം രാജ-
     മന്ദിരത്തില്‍ കടക്കുമന്നാള്‍ അളവില്ലാത്ത ബന്ധുജനയുക്തയാമവള്‍-
 
17 നിന്‍റെ മക്കള്‍ നിന്‍പിതാക്കള്‍ക്കുള്ള പദവിയിലെത്തി
     ആയവര്‍ക്കു പകരം വാഴും സര്‍വ്വഭൂമിയില്‍ നീയവരെ പ്രഭുക്കളാക്കും-
 
18 എല്ലാത്തലമുറകളും നിന്നുടെ നാമത്തെയോര്‍ക്കും-
     വണ്ണമാക്കും ഞാനതുമൂലം ജാതികള്‍ ധന്യേ
     എന്നുമെന്നും നിന്നെ സ്തുതിക്കും-
 
19 ഉന്നതസ്ഥിതനാം സ്വര്‍ഗ്ഗമന്നവന്നും തന്‍സുതന്നും
     എന്നുമുള്ളാവിക്കും മംഗളം ആദിമുതല്‍ക്ക് ഇന്നുമെന്നും ഭവിച്ചിടട്ടെ

 Download pdf
33907076 Hits    |    Powered by Revival IQ