സ്തോത്രം സ്തോത്രം നിന്നാമത്തിനു പരാ!
എന്നെ കാത്തു പാലിച്ച പിതാവേ!-
1 കീര്‍ത്തി മഹത്ത്വം പ്രകാശം സത്യം ദയയും പ്രഭാവം
പൂര്‍ത്തിയായ് വിളങ്ങുന്നൊരു കര്‍ത്തനേ! ദേവാ!
പാത്രനല്ലെങ്കിലും എന്റെ പ്രാര്‍ത്ഥന ചെവിക്കൊള്ളുവാന്‍
തന്കൃപാസനം വഴിയേ പാര്ത്തരുളേണമിങ്ങിപ്പോള്-
2 പൂര്ണ്ണചിത്തം ശക്തിയോടും നിര്‍ണ്ണയം സത്ഭക്തിയോടും
നിന്നെ വന്ദിപ്പാന്‍ സഹായം തന്നരുളേണം
നിന്നോടുള്ള പ്രീതി ഭയം എന്നിലൊന്നിച്ചു വസിപ്പാന്‍
ഇന്നു നിന്നാത്മാവിന് അഗ്നി എന്നില്‍ ജ്വലിപ്പിച്ചിടേണം-
3 ഇന്നു ശുദ്ധരുടെ യോഗേ എന്നോടെഴുന്നള്ളണം നീ
നിന്നെ ഭക്തിയായ് വന്ദിപ്പാന്‍ നിന്തുണവേണം
അന്യചിന്തകളൊന്നുമെന്നുള്ളില് അണയാതിരിപ്പാന്
എന്റെ നോട്ടം മുഴുവന്‍ നീ നിന്റെ മേല്‍ പതിപ്പിക്കേണം-
4 വ്യാധിയാപത്തിന്നിമിത്തം മോദമായാരാധനയ്ക്കും
പ്രാര്‍ത്ഥനയ്ക്കും വരാന്‍ വിഘ്നം ആര്‍ത്തിയുമുള്ള
ക്രിസ്തുസഭക്കാര്ക്കു കര്‍ത്താ സ്വസ്ഥമാശ്വാസമരുള്ക
പ്രാര്‍ത്ഥനകളെ ശ്രവിച്ചു പൂര്ത്തിയായരുള് തരിക-
5 അന്ധകാരത്തിന് പ്രഭുവിന് ബന്ധനത്തുള്ളോരെയും നീ
സ്വന്ത ഭക്തരാക്കിടേണം ശക്തിമാന് ദേവാ!
രാജരും പ്രജകളെല്ലാം പൂജിത ദേവ! നിന്നുടെ
രാജപുത്രരായിടുവാന് യോജ്യതപ്പെടുത്തിടുക-
6 ശക്തനാം വിശുദ്ധാത്മാവേ ഭക്തി ദാനം ചെയ്യുന്നോനേ
മുക്തിബോധം നല്‍കും നീ ചിത്തത്തില്‍ വരിക
സത്യസുവിശേഷസാരം ബോധനം ചെയ്കയിന്നേരം
സത്യവിശ്വാസം സദ്ഭക്തി ദത്തം ചെയ്ക ഇക്ഷണത്തില്‍-
7 അന്നവസ്ത്രം സൗഖ്യം ബുദ്ധി തന്നരുള്‍ക നീ ഇന്നും എന്നും
ഒന്നും ആപത്തും വരാതെ നിന്നുടെ മുമ്പില്‍
എന്നെ നടത്തിപ്പാലിക്ക ഉന്നതപിതാ സുതാത്മ!
നിന്നുടെ നാമത്തിനെന്നും വന്ദനം വന്ദനം ആമേന്‍-
![](images/PDF.gif)
Download pdf